തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ 7196 പോസ്റ്റ്മാൻമാർ ഇനി മുതൽ സഞ്ചരിക്കുന്ന എടിഎമ്മുകളാണ്. വീടുകളിൽ എത്തുന്ന പോസ്റ്റ് മാൻ മുഖേന പണം ഇനി കൈമാറാം.
ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കിലെയോ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ബാലൻസ് അറിയാനുമുള്ള സംവിധാനം നിലവിൽ വന്നു. ഒരു ദിവസം 10,000 രൂപ വരെ പിൻവലിക്കാനുമാകും.പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് വേണമെന്ന് മാത്രം. ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയാണ് ബാങ്കിലോ എടിഎം കൗണ്ടറിലോ പോകാതെ പണം പിൻവലിക്കുന്ന സൗകര്യം വരുന്നത്.
തപാൽ വകുപ്പിന്റെ മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റമാൻമാർക്ക് നൽകും. യൂസർനെയ്‌മോ പാസ്‌വേഡോ ഇല്ലാതെ പൂർണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവർത്തിക്കുന്നത്. കേരളാ സർക്കിളിലുള്ള 10,600 പോസ്റ്റ്മാൻമാരിൽ 7196 പേരും പുതിയ സേവനം നൽകാൻ സജ്ജരായി കഴിഞ്ഞു.
പോസ്റ്റ്മാൻ വീട്ടിലെത്തുമ്പോഴാണ് സേവനം ലഭ്യമാക്കുന്നതെങ്കിൽ ചെറിയ തുക ഫീസായി നൽകണം. സംസ്ഥാനത്തെ 5064 പോസ്റ്റ് ഓഫീസുകളിൽ 4742ലും പുതിയ സൗകര്യമുണ്ട്. തപാൽ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്കായ ഐപിപിബി (ഇന്ത്യൻ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്) അനുബന്ധമായാണ് എഇപിഎസ് പ്രവർത്തിക്കുക.
പോസ്റ്റൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും എഇപിഎസ് സേവനങ്ങൾ ലഭ്യമാണ്. പോസ്റ്റ്്മാന്റെ കൈയിലുള്ള മൊബൈൽ അപ്ലിക്കേഷനിൽ അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, ആധാർ കാർഡിലെ ക്യൂ ആർ കോഡ് എന്നിവ നൽകിയാണ് എഇപിഎസിലേക്ക് പ്രവേശിക്കുക. എത് രീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ നൽകിയാലേ തുടർന്ന് മുന്നോട്ട് പോകാനാകൂ.
ആവശ്യമായ പണം എത്രയെന്ന് രേഖപ്പെടുത്തിയാൽ പോസ്റ്റ്മാൻ ആ തുക നൽകും. അക്കൗണ്ട് ഉടമക്ക് എസ്എംഎസായി തുക പിൻവലിച്ച വിവരമെത്തുകയും ചെയ്യും.
ഓൺലൈൻ ഇടപാടുകളിൽ പ്രാവീണ്യമില്ലാത്തവർക്കും ബാങ്കുകളിലെത്താൻ കഴിയാത്തവർക്കും വീട്ടുപടിക്കൽ സേവനം ലഭ്യമാകുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിക്കുന്നുവെന്നാണ് മറ്റൊരു സവിശേഷത.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.