മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫിനെ ആറുതവണയും എല്‍.ഡി.എഫിനെ ഒരുതവണയും പുണര്‍ന്നപ്പോഴും ബി.ജെ.പിയെ കൈയകലത്തില്‍ നിര്‍ത്തിയ ചരിത്രമാണ് മഞ്ചേശ്വരത്തിനുള്ളത്.
ത്രികോണ മത്സരത്തിന്റെ വീറും വാശിയും സംസ്ഥാനം പരിചയിച്ചതുതന്നെ മഞ്ചേശ്വരത്ത് നിന്നാണ്. മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും 89 വോട്ടിന് നഷ്ടമായ മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യു.ഡി.എഫ്, ബി.ജെ.പി വിള്ളലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫും പ്രചാരണ രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കേരള നിയമസഭയിലേക്ക് എതിരില്ലാതെ ഒരു സ്ഥാനാര്‍ഥി ജയിച്ചത് മഞ്ചേശ്വരത്ത് നിന്നാണ്. 1957ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ എം. ഉമേഷ് റാവുവാണ് എതിരില്ലാതെ ജയിച്ചത്. ആറുതവണ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ (നാലുതവണ ചെര്‍ക്കളം അബ്ദുല്ല, രണ്ടുതവണ പി.ബി അബ്ദുല്‍ റസാഖ്) മഞ്ചേശ്വരം നെഞ്ചോടുചേര്‍ത്തപ്പോള്‍ സി.പി.എമ്മിന്റെ ഏകജയം 2006ല്‍ സി.എച്ച് കുഞ്ഞമ്പുവിലൂടെയായിരുന്നു. എല്‍.ഡി.എഫ് പലപ്പോഴും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നാണിത്.
രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ യാത്രകളെല്ലാം ആരംഭിക്കുന്നത് മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്കാണെങ്കിലും വരുംദിവസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയം മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കും. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സപ്തഭാഷാ സംഗമ ഭൂമിയെന്നാണ് മഞ്ചേശ്വരം അറിയപ്പെടുന്നത്. കന്നഡ, കൊങ്കിണി, മലയാളം, മറാഠി തുടങ്ങിയ ഭാഷകളെല്ലാം സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. ലിപിയില്ലാത്ത ബ്യാരി ഭാഷ സംസാരിക്കുന്നവരുമുണ്ട്.
കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ സഹായത്തോടെ മഞ്ചേശ്വരത്ത് രവീശ തന്ത്രിയിലൂടെ താമര വിരിയിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമം നടത്തുമെന്നിരിക്കെ യു.ഡി.എഫ് പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
മഞ്ചേശ്വരത്ത് നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ലാത്ത എല്‍.ഡി.എഫിന്റെ ശ്രമം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുകയെന്നതാണ്. യു.ഡി.എഫും ബി.ജെ.പിയും കൊമ്പുകോര്‍ക്കുമ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് നേടുകയെന്ന തന്ത്രമാകും എല്‍.ഡി.എഫ് പയറ്റുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.