നിയമസഭാ സമ്മേളനം നാളെ മുതല്‍; ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്യും

0
256

തിരുവനന്തപുരം: (www.mediavisionnews.in) കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ ആരംഭിക്കും. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുശേഷമാണ് സഭ ചേരുന്നത്. നിയമ നിര്‍മാണത്തിനു മാത്രമാണ് സമ്മേളനം ചേരുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചുപേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ആറുപേരാണ് സഭയില്‍ പുതുതായി എത്തുന്നത്. ഇതില്‍ പാലായില്‍നിന്ന് വിജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജഞ ചെയ്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.സി ഖമറുദ്ദീന്‍ (മഞ്ചേശ്വരം), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), ടി.ജെ വിനോദ് (എറണാകുളം), അഡ്വ. വി.കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), കെ.യു ജനീഷ്‌കുമാര്‍ (കോന്നി) എന്നിവരുടെ സത്യപ്രതിജ്ഞ ചോദ്യോത്തരവേള കഴിഞ്ഞ് രാവിലെ പത്തിന് നടക്കും.

ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിധിയെഴുത്ത് പകര്‍ന്ന ആത്മവിശ്വാസത്തിലായിരിക്കും ഭരണകക്ഷി അംഗങ്ങള്‍ സഭയിലെത്തുക. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിഫ്ബി, മാര്‍ക്ക്ദാനം എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തര്‍ക്കങ്ങളും സഭയില്‍ പ്രതിഫലിച്ചേക്കും. പി.ജെ ജോസഫാണ് ഇപ്പോള്‍ സഭയിലെ കക്ഷി നേതാവ്.

പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളുമായിരിക്കും സഭയുടെ പരിഗണനയ്ക്ക് വരിക. 2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങള്‍ സര്‍വകലാശാല (ഭേദഗതി) ബില്‍, 2019ലെ കേരള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബില്‍, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവ 29ന് പരിഗണിക്കും. 2019-20ലെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ സമര്‍പ്പണം 29നും, അതിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നവംബര്‍ അഞ്ചിനും നടക്കും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ പ്രത്യേക അനുസ്മരണ സമ്മേളനം നവംബര്‍ ഒന്നിന് നടത്തും. 19 ദിവസം നീളുന്ന സമ്മേളനം നവംബര്‍ 21ന് അവസാനിക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here