ത്രികോണപ്പോരില്‍ മഞ്ചേശ്വരം: അട്ടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനവുമായി മുന്നണികള്‍

0
251

മഞ്ചേശ്വരം: (www.mediavisionnews.in) ആവേശമുണര്‍ത്തുന്ന ത്രികോണപ്പോരിന് പേരുകേട്ട മഞ്ചേശ്വരത്ത് ഇക്കുറിയും തീപ്പാറും പോരാട്ടമാണ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അട്ടിത്തട്ടില്‍ കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തനം. അടിയൊഴുക്കിൽ ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോയെന്ന് ബിജെപി ആശങ്കപ്പെടുമ്പോൾ, അപകടമൊഴിവാക്കാൻ പ്രാദേശിക പ്രശ്നങ്ങൾ പോലും ഓരോന്നായി തീർക്കുകയാണ് യുഡിഎഫ്. വോട്ട് വിഹിതം വർധിപ്പിച്ച് മാറിയ നിലപാടിന് സാധൂകരണം കണ്ടെത്തലാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

കന്നഡ മേഖലയിലെ ശക്തമായ അടിത്തറയും രവീശതന്ത്രി ചെലുത്തുന്ന സ്വാധീനവും, 35 ശതമാനത്തിൽ നിൽക്കുന്ന ഉറച്ച വോട്ട് ബാങ്ക്. ഓരോ വീടുകളും അടയാളപ്പെടുത്തി, കേന്ദ്രീകരിച്ച പ്രവർത്തനം. വിജയം പ്രതീക്ഷിക്കാൻ ബിജെപിക്ക് കാരണങ്ങളിതാണ്. എന്നാല്‍ തുളു മേഖലയിൽ നിന്നുള്ള ശങ്കർ റൈ തങ്ങളുടെ വോട്ടുകൾ കൊണ്ടുപോകുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഒപ്പം ജില്ലാ നേതാക്കളിൽ നിന്നു തുടങ്ങിയ തന്ത്രിക്ക് എതിരായ വികാരം അടിയൊഴുക്കായി മാറുമോയെന്നതും ബിജെപി ക്യാംപിനെ ആശങ്കപ്പെടുത്തുന്നു.

എ.പി വിഭാഗമടക്കം 52 ശതമാനം ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം പെട്ടിയിൽ വീഴുമെന്ന സാധ്യതയാണ് യുഡിഎഫിന്റെ മേൽക്കൈ. കുഞ്ഞാലക്കുട്ടി നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സ്ഥിരം ശൈലി വിട്ട് ഗൗരവം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ലീഗ് നേതൃത്വം മഞ്ചേശ്വരത്ത് നടത്തുന്നത്.

2006-ലേതിന് സമാനമായി തുടക്കം മുതലുണ്ടായ പ്രശ്നങ്ങൾ അടിയൊഴുക്കായാൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്ക ലീഗിനുണ്ട്. നാട്ടുകാരനല്ലാത്ത, ഭാഷയറിയാത്ത സ്ഥാനാർത്ഥിയാണ് ഖമറുദ്ദീനെന്ന പ്രചാരണം എതിരാളികള്‍ മണ്ഡലത്തില്‍ ശക്തമായി നടത്തുന്നുമുണ്ട്.

പ്രാദേശിക വികാരവും ഖമറുദ്ദീന്‍ നേരിടുന്ന വെല്ലുവിളിയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം നാട്ടുകാരനായ സ്ഥാനാർത്ഥിയെ ഇറക്കി ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതാണ് ഇടത് മുന്നണിക്ക് മഞ്ചേശ്വരത്തുള്ള അനുകൂല ഘടകം. ഒപ്പം സ്ഥാനാർത്ഥിയുടെ മികവിലും അവര്‍ പ്രതീക്ഷവയ്ക്കുന്നു.

പുറമേക്ക് കാര്യങ്ങള്‍ എങ്ങനെയായാലും അവസാന ഘട്ടത്തിലെ രഹസ്യ നീക്കങ്ങളിലാവും മഞ്ചേശ്വരത്തെ ഫലം നിര്‍ണയിക്കപ്പെടുക. വോട്ടുകൾ ചിതറിയാൽ മുന്നണികളുടെ പ്രതീക്ഷകളും ചിതറും. ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയ ഇടതുപക്ഷം ആ പരീക്ഷണത്തിന്‍റെ ഫലമറിയുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here