ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പണം; സിപിഐഎമ്മിന്റെ പതിവു തെറ്റിച്ച് ശങ്കർ റൈ: വിവാദം

0
247

മഞ്ചേശ്വരം: (www.mediavisionnews.in) ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പിക്കുന്ന ആദ്യ സിപിഐഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ. സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡൻ്റുമാണ് ശങ്കർ റൈ. മഞ്ചേശ്വരം സ്ഥാനാർത്ഥിയായ ഇദ്ദേഹം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്.

പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച സിപിഐഎം പ്രാദേശിക നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ഇദ്ദേഹം ഉദയാസ്തമയ പൂജ നടത്തി പ്രസാദം സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. ഇതിനു ശേഷം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ശങ്കർ റൈ അവിടെനിന്നാണ് പത്രികാസമർപ്പണത്തിനായി പോയത്.

താൻ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ക്ഷേത്രദർശനം നടത്തി പത്രിക സമർപ്പിക്കുന്നതിൽ പാർട്ടി വിലക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധിവിനായക ക്ഷേത്രം കൂടാതെ ദേലംപാടി ക്ഷേത്രവും മുഹിമാത്ത് പള്ളിയും ബേള ചർച്ചും കുമ്പള ദർഗയും താൻ സന്ദർശിച്ചിരുന്നു. എല്ലാ വിഭാഗം വിശ്വാസികളുമായും ജനങ്ങളുമായും ബന്ധമുണ്ട്. വിശ്വാസം പാടില്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും ശങ്കർ റൈ പറഞ്ഞു.

ക്ഷേത്രദർശനം നടത്തിയ ശേഷം പത്രികസമർപ്പിക്കുന്നത് സാധാരണഗതിയിൽ ബിജെപി സ്ഥാനാർഥികൾ പിന്തുടരുന്ന രീതിയാണ്. ഈ രീതി പിൻപറ്റിയ ശങ്കർ റൈയുടെയും പ്രാദേശിക നേതാക്കളുടെയും നടപടി വിവാദമായിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here