ഇനി ഒന്നല്ല, രണ്ട്; ജമ്മുകശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍

0
208

ന്യൂദല്‍ഹി: (www.mediavisionnews.in) ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുകയാണിന്ന്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്.

ആര്‍.കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവര്‍ണര്‍. ലഡാക്കിന്റെ ആദ്യ ഗവര്‍ണര്‍ കൂടിയാണ് ഇദ്ദേഹം.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിന്റെ ലഫ്. ഗവര്‍ണര്‍. ഇന്ന് രാജ്ഭവനില്‍വെച്ച് മുര്‍മു അധികാരമേല്‍ക്കും.

പുതുച്ചേരിപോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീര്‍. എന്നാല്‍ ലഡാക്കാകട്ടെ, ചണ്ഡീഗഢ് പോലെ നിയമസഭ ഇല്ലാത്ത കേന്ദ്രഭരണപ്രദേശവുമാണ്. രണ്ട് പ്രദേശത്തിന്റെയും ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളായിരുന്നു ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ വാദമുന്നയിക്കുമ്പോഴും കശ്മീരില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ഈ വാദത്തെ നിഷേധിക്കുന്നുണ്ട്. കശ്മീരില്‍ ഇപ്പോഴും 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിയതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ഗതാഗത സംവിധാനത്തിനും മൊബൈല്‍ ഫോണിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

കൂടാതെ, ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ രാജ്യത്തെ പ്രതിപക്ഷത്തിനും രാഷ്ട്രീയനേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെ, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പ്രതിനിധി സംഘത്തിന് പ്രദേശം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. കടകള്‍ അടച്ചുപൂട്ടിയാണ് കശ്മീര്‍ ജനത ഇതിനോട് പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here