തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയസാധ്യതെന്ന് സി.പി.ഐ.എം. ത്രികോണ മത്സരം നടന്ന കോന്നിയില്‍ വിജയം ഉറപ്പിക്കുന്ന സി.പി.എം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ അരൂര്‍ നിലനിര്‍ത്തുമെന്നും വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്നും പ്രതീക്ഷിക്കുന്നു.
നഗരത്തെ മുക്കിയ വെളളംപൊക്കം സൃഷ്ടിച്ച യു.ഡി.എഫ് വിരുദ്ധവികാരം ഗുണകരമായെങ്കിലും എല്ലാ വോട്ടുകളും പോള്‍ ചെയ്യിക്കാന്‍ ആകാത്തതാണ് എറണാകുളത്ത് സി.പി.എം കാണുന്ന പ്രതികൂല ഘടകം. ജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കെങ്കിലും ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്ത് ഒന്നും ഉറപ്പിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിഗമനം.
എന്തുതന്നെ സംഭവിച്ചാലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ രാഷ്ട്രീയാന്തരീക്ഷം മാറിയെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പകള്‍ക്ക് ഒരുങ്ങാനിരിക്കെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ് എന്നതാണ് സി.പി.എമ്മിന് ആശ്വാസകരമാകുന്നത്.
54 വര്‍ഷം യു.ഡി.എഫ് കൈയ്യടക്കി വെച്ചിരുന്ന പാലയിലെ അട്ടിമറി ഐക്യമുന്നണി കൈവശം വെച്ചിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും ഇടത് മുന്നണിയും. ഓരോ മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ നിന്ന് ലഭിച്ച വോട്ടുകണക്ക് പരിശോധിച്ച നേതൃത്വം അഞ്ച് മണ്ഡലങ്ങളിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാനായി എന്ന ആത്മവിശ്വാസത്തിലാണ്.
1996 ല്‍ കൈവിട്ടുപോയ കോന്നി മണ്ഡലം കെ.യു ജനീഷ് കുമാറിലൂടെ തിരിച്ചുപിടിക്കാമെന്നാണ് സി.പി.എമ്മിന്റെ ഉറച്ച പ്രതീക്ഷ. അയ്യായിരം മൂതല്‍ പതിനായിരം വോട്ടുകള്‍ക്ക് ജനീഷ് കുമാര്‍ ജയിക്കുമെന്നാണ് കണക്ക്. സീതത്തോട്, ചിറ്റാര്‍ തുടങ്ങിയ എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ ഉയര്‍ന്ന പോളിങ്ങ് നടന്നപ്പോള്‍ യു.ഡി.എഫ് സ്വാധീനമേഖലയായ കോന്നിയിലും പ്രമാടത്തും പോളിങ്ങ് കുറഞ്ഞു. ഇതാണ് എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരുന്ന മുഖ്യഘടകം.
പരമ്പരാഗതമായി യു.ഡി.എഫിലേക്ക് പോകുന്ന ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ കാര്യമായി പോള്‍ ചെയ്യാത്തതും എല്‍.ഡി.എഫിന് പ്രതീക്ഷ പകരുന്നു. ശക്തമായ ത്രികോണമത്സരത്തില്‍ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ജയം ഉറപ്പാക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്ക്.എന്നാല്‍ ഇടത് മുന്നണിക്ക് സ്വാധീനമുളള ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളില്‍ പോളിങ്ങ് കുറഞ്ഞത് അല്‍പ്പം ആശങ്ക പകരുന്നുമുണ്ട്.
യു.ഡി.എഫുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അരൂരില്‍ പന്ത്രണ്ടായിരം വോട്ടുകള്‍ക്ക് മനു സി. പുളിക്കല്‍ ജയിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്ക്. ചെങ്ങന്നൂരില്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ അട്ടിമറിജയം സമ്മാനിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടന്ന അരൂരിലെ കണക്കിനെ അവിശ്വസിക്കേണ്ടെന്നാണ് നേതൃത്വം പറയുന്നത്. ഭൂരിപക്ഷം പന്ത്രണ്ടായിരത്തോളം എത്തിയില്ലെങ്കിലും ആറായിരത്തില്‍പ്പരം വോട്ടിന് ജയം ഉറപ്പാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ തവണ എന്‍.ഡി.എയിലേക്ക് പോയ ബി.ഡി.ജെ.എസ് വോട്ടുകളും യു.ഡി.എഫിലേക്ക് പോയ ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാഗവും അനുകൂലമായി വന്നിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നു.യു.ഡി.എഫിലെ അഭ്യന്തര പ്രശ്‌നങ്ങളും കടുത്ത മത്സരത്തെ അതിജീവിച്ച് മണ്ഡലം നിലനിര്‍ത്താന്‍ സഹായകരമാകും എന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
കുറെക്കാലമായി മൂന്നാമതായി പോയിരുന്ന വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ജയം നേടുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അന്തിമ കണക്ക് പ്രകാരം പോളിങ്ങ് 62.66% ആണെങ്കിലും മുന്നണിയുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാനായിട്ടുണ്ട്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നല്ല ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തിട്ടുമില്ല. ലോകസഭ തിരഞ്ഞെടുപ്പിനേക്കാള്‍ പതിമൂവായിരം വോട്ടിന്റെ കുറവാണ് ഇത്തവണത്തെ പോളിങ്ങില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ജയം നേടാനാകുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്കില്‍ പറയുന്നത്.
രാഷ്ട്രീയ വോട്ടുകള്‍ക്ക് അപ്പുറം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വി.കെ.പ്രശാന്തിന് നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും സി.പി.എം കാണുന്ന അനുകൂല ഘടകങ്ങളാണ്.ബി.ജെ.പി വോട്ടുകള്‍ ഗണ്യമായി കുറയുമെന്നും എന്‍.എസ്.എസിന്റെ യു.ഡി.എഫിന് വേണ്ടിയുളള പരസ്യഇടപെടല്‍ ദോഷത്തേക്കാളേറെ ഗുണകരമായി ഭവിച്ചുവെന്നും സി.പി.ഐ.എം നേതാക്കള്‍ പറയുന്നു.
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് രണ്ടായിരത്തില്‍പ്പരം വോട്ടിന്റെ മേല്‍ക്കൈ ലഭിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. എന്നാല്‍ ഉറച്ച വിജയപ്രതീക്ഷയിലേക്ക് നേതൃത്വം ഇതുവരെ എത്തിയിട്ടില്ല. മഞ്ചേശ്വരത്ത് 32000 ഉറച്ച ഇടത് വോട്ടുകള്‍ ഉണ്ടെന്നും കന്നഡ മേഖലയില്‍ നിന്ന് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വ്യക്തിപരമായി 20000 വോട്ടുകള്‍ നേടുമെന്നും ഇ.കെ- എ.പി സുന്നി വിഭാഗങ്ങള്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതിനെ തുടര്‍ന്ന് 4000 വോട്ടുകള്‍ അധികമായി ലഭിക്കും എന്നീ ഘടകങ്ങളാണ് മണ്ഡലം കമ്മിറ്റിയുടെ വിജയക്കണക്കിന്റെ അടിസ്ഥാനം. എന്നാല്‍ മംഗല്‍പാടി, വോര്‍ക്കാടി, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ശക്തമായ സ്വാധീനമുളളതാണ് ഈ കണക്ക് അപ്പാടെ വിശ്വസിക്കാതിരിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങ്ങ് നടന്ന എറണാകുളത്ത് സി.പി.ഐ.എമ്മിന് വലിയ വിജയപ്രതീക്ഷയില്ല. വോട്ടെടുപ്പ് ദിവസം മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കം പോളിങ്ങ് ശതമാനത്തെ സ്വാധീനീച്ചെങ്കിലും അത് നഗരസഭയ്ക്ക് എതിരായ ശക്തമായ വികാരം ഉയര്‍ത്തിവിട്ടിരുന്നു. എന്നാല്‍ പോളിങ്ങിനിടെ ഉണ്ടായ ഈ വികാരം പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ മുന്നണിയ്ക്ക് സാധിച്ചില്ല. ഉച്ചയ്ക്ക് ശേഷം വോട്ടുചെയ്യാന്‍ വന്ന വോട്ടര്‍മാരില്‍ വെളളപ്പൊക്കം നഗരസഭാ ഭരണം നടത്തുന്ന യു.ഡി.എഫിന് വിരുദ്ധമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് സഹായകരമായി മാറുമെന്നാണ് വിശ്വാസം. കനത്ത മഴയും വെളളക്കെട്ടും കാരണം സ്വാധീനമേഖലയില്‍ നിന്നുളള നാലായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയതിനാല്‍ ഏറണാകുളത്ത് സി.പി.ഐ.എം വലിയ പ്രതീക്ഷവെയ്ക്കുന്നില്ല.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക