65 വര്‍ഷത്തിനിടെ ആദ്യം; ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ദാദ

0
271

മുംബൈ (www.mediavisionnews.in): ഇന്ത്യ ക്രിക്കറ്റിലെ ദാദയായ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റാവുമ്പോള്‍ പിറക്കുന്നത് പുതിയ ചരിത്രം. 65 വര്‍ഷത്തിനിടെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ)യുടെ മുഴുവന്‍ സമയ അധ്യക്ഷനാവുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമാവും ഗാംഗുലി.

1936ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിച്ച വിസി നഗരം മഹാരാജാവാണ് ഗാംഗുലിക്ക് മുമ്പ് ബിസിസിഐയുടെ മുഴുവന്‍ സമയ അധ്യക്ഷനായിട്ടുള്ള ഒരേയൊരു ക്രിക്കറ്റര്‍. 1954 മുതല്‍ 1956 വരെയായിരുന്നു വിസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിസിനഗരം മഹാരാജാവ് ബിസസിഐ അധ്യക്ഷനായത്.

ഇതിനുശേഷം ബിസിസിഐ അധ്യക്ഷ പദവിയിലിരുന്നവരെല്ലാം വ്യവസായികളോ രാഷ്ട്രീയക്കാരോ ആയിരുന്നു. 1928ലാണ് തമിഴ്‌നാട് സൊസൈറ്റീസ് രജിസ്റ്ട്രേഷന്‍ ആക്ട് പ്രകാരം ബിസിസിഐ നിലവില്‍ വന്നത്. 2014ല്‍ സുനില്‍ ഗവാസ്കറും ശിവലാല്‍ യാദവും ബിസിസിഐ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി മാത്രമാകും സ്ഥാനാര്‍ഥിയായി ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സംസ്ഥാന അസോസിയേഷനുകള്‍ക്കിടയില്‍ പൊതുധാരണ ആയിട്ടുണ്ട്.

അതേസമയം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് അടുത്തവര്‍ഷം സെപ്റ്റംബര്‍ വരെയെ തുടരാനാവൂ. തുടര്‍ച്ചയായി ആറു വര്‍ഷത്തില്‍ കൂടുതല്‍ പദവകിളില്‍ ഇരിക്കുന്നവര്‍ക്ക് ആറു മാസത്തെ കൂളിംഗ് പീരിയഡിനുശേഷം മാത്രമെ വീണ്ടും പദവികള്‍ ഏറ്റെടുക്കാനാവൂ എന്നതിനാലാണിത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here