23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

0
173

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) ശക്തമായ ത്രികോണ മത്സരം നടന്ന കോന്നി, പതിവ് തെറ്റിച്ച് ഇക്കുറി ഇടത്തേക്ക് ചരിഞ്ഞു. കോൺഗ്രസിനെ കൈവിട്ട കോന്നി എൽഡിഎഫിനെ കൈപിടിച്ചുയർത്തി. മണ്ഡലത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ചത് അഡ്വ.കെയു ജനീഷ് കുമാറാണ്. കോൺഗ്രസിലെ പടലപ്പിണക്കവും ബിഡിജെജെഎസ് ഇടഞ്ഞതും കോന്നിയിൽ ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാർ. സാമൂദായിക വോട്ടുകൾക്ക് പ്രാധാന്യമുള്ള കോന്നിയുടെ വോട്ടിംഗ് സ്വഭാവം പരിഗണിച്ചാണ് ജനീഷ് കുമാറിനെ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചത്. സാധ്യതാ പട്ടികയിൽ ജില്ല സെക്രട്ടറി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരെ മറികടന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാറിന്റെ പേര് പരിഗണിക്കപ്പെടുന്നത്.

എൽഡിഎഫ് സ്ഥാനാർഥിയായ കെ.യു. ജനീഷ്‌കുമാർ സീതത്തോട് കെആർപിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണ് വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന് തുടക്കമിടുന്നത്. റാന്നി സെന്റ് തോമസ് കോളേജിലായിരുന്നു തുടർ വിദ്യാഭ്യാസം. പിന്നീട് റാന്നി ഏരിയ പ്രസിഡന്റും സെക്രട്ടറിയുമായി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് കോളേജ് യൂണിയൻ ചെയർമാനായത്. എംജി സർവകലാശാല യൂണിയൻ കൗൺസിലറും സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായി. സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർഥി സമരം കൊടുമ്പിരികൊണ്ട കാലം. ജില്ലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ജനീഷ് എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ജനീഷ്‌കുമാറിന്റെ പാർലമെന്ററി രംഗത്തെ തുടക്കം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. ഇപ്പോൾ സംസ്ഥാന യുവജന കമീഷനംഗമാണ്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായി പ്രവർത്തിക്കുമ്പോഴാണ് റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി എ ഉത്തമനാണ് അച്ഛൻ.

23 വർഷം അടൂർ പ്രകാശ് കാത്ത കോന്നിയെ മോഹൻരാജ് നിലനിർത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. എതിരാളികളുടെ വോട്ട് പോലും അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയ തന്ത്രം കൊണ്ട് അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുണ്ടായ കലഹങ്ങൾ തെരഞ്ഞെടുപ്പ് പലത്തിൽ പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ.. കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി അടൂർ പ്രകാശിന് മുന്നിൽ അടിയറവു പറയുന്ന ഇടതു മുന്നണി കോന്നിയിൽ ഇത്തവണ ജയിച്ചിരിക്കുകയാണ്.

മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയിൽ എത്തിയ കെ സുരേന്ദ്രൻ നാണംകെട്ട തോൽവിയാണ് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here