ഷാക്കിബ് കാട്ടിയത് ആനമണ്ടത്തരം, ചാറ്റ് വിശദാംശങ്ങള്‍ പുറത്ത്

0
266

ദുബായ് (www.mediavisionnews.in): ഒത്തുകളി ശ്രമത്തെ കുറിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയ്ക്കാതിരുന്നതിന് ഐസിസി രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് തിരിച്ചടിയായത് സംഭവം കൈകാര്യം ചെയ്തതിലുളള ഗുരുതര വീഴ്ച്ച. ഇക്കാര്യം തെളിയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു.

ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് 2019 ജനുവരിയിലും ഓഗസ്റ്റിലും ഷാകിബ് അല്‍ ഹസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാക്കിബ് നല്‍കിയ ഉത്തരങ്ങളും വിവരങ്ങളും താരത്തിനെതിരെ തെളിവായി ഉപയോഗിക്കാമെന്ന് ഷാകിബിന് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ വീഴ്ചകള്‍ അന്ന് ഷാകിബ് സമ്മതിച്ചു.

2018 ജനുവരിയില്‍ നടന്ന ബംഗ്ലാദേശ്- ശ്രീലങ്ക- സിംബാബ്വെ രാജ്യങ്ങള്‍ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരക്കിടെയാണ് ഇന്ത്യന്‍ വാതുവെപ്പുകാരന്‍ ദീപക് അഗര്‍വാള്‍ ആദ്യമായി ഷാകിബിനെ സമീപിച്ചത്.

2017 നവംബര്‍ പകുതിയോടെ ഇരുവരും വാട്ടസ്ആപ്പില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വാതുവെപ്പുകാരന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമം തുടങ്ങി. 2018 ജനുവരിയില്‍ ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷാകിബും അഗര്‍വാളും ചാറ്റിംഗ് വീണ്ടും ആരംഭിച്ചു. ജനുവരി 19-ന് അഗര്‍വാളില്‍ നിന്ന് ഷാകിബിന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു, അന്നത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുള്ള സന്ദേശമായിരുന്നു ഇത്.

ഇതിന് പിന്നാലെ ‘നമ്മള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ അല്ലെങ്കില്‍ ഞാന്‍ ഐ.പി.എല്‍ വരെ കാത്തിരിക്കണോ’ എന്ന സന്ദേശം ഷാകിബിന്റെ ഫോണിലെത്തി. ഈ സന്ദേശത്തിലെ ‘വര്‍ക്ക്’ എന്ന പരാമര്‍ശം വാതുവെപ്പുകാരന് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു സൂചനയായിരുന്നു. എന്നാല്‍ ഇത് ഷാകിബ് എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല.

ജനുവരി 23-ന് അഗര്‍വാളില്‍ നിന്ന് ഷാകിബിന് മറ്റൊരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു. ഈ സീരീസില്‍ എന്തെങ്കിലും ഉണ്ടോ ബ്രോ? എന്നായിരുന്നു അത്. ത്രിരാഷ്ട്ര പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പുകാരന് വിവരങ്ങള്‍ നല്‍കാനായിരുന്നു അഗര്‍വാളിന്റെ അഭ്യര്‍ത്ഥനയെന്ന് ഷാകിബ് സ്ഥിരീകരിച്ചു.

പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തില്‍ ഒരു കളിക്കാരന്‍ കളിക്കുമോ എന്ന് ചോദിച്ച് 2018 ഏപ്രില്‍ 26ന് ഷാകിബിന് അഗള്‍വാളില്‍ നിന്ന് സന്ദേശം ലഭിച്ചു. അന്ന് സണ്‍റൈസേഴ്സിനായി കളിക്കുകയായിരുന്നു ഷാകിബ്. തുടര്‍ന്ന് ഇരുവരും ബിറ്റ്‌കോയിനുകള്‍, ഡോളര്‍ അക്കൗണ്ടുകള്‍ എന്നിവയെ കുറിച്ച് സംസാരിച്ചു. ഷാകിബിന്റെ ഡോളര്‍ അക്കൗണ്ട് വിശദാംശങ്ങള്‍ ഇയാള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ ഇയാളെ നേരിട്ട് കാണണമെന്ന് ഷാകിബ് നിലപാടെടുത്തു.

ഏപ്രില്‍ 26- ലെ ചാറ്റിംഗിലെ നിരവധി സന്ദേശങ്ങള്‍ പിന്നീട് ഡീലിറ്റ് ചെയ്തു. ഇല്ലാതാക്കിയ ഈ സന്ദേശങ്ങളില്‍ അഗര്‍വാളില്‍ നിന്നുള്ള വിവരങ്ങള്‍ ഉണ്ടെന്ന് താരം സ്ഥിരീകരിച്ചു. സംഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അഗര്‍വാളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളൊന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഐ.സി.സി എ.സി.യുവിനോട് പറഞ്ഞു.

അതേസമയം, വാതുവെയ്പുകാര്‍ സമീപിച്ചിട്ടും ഷാക്കിബ് എന്തുകൊണ്ടാണ് അക്കാര്യം ഐസിസിയെ അറിയിക്കാതിരുന്നതെന്നു വ്യക്തമല്ല. മുമ്പ് വാതുവെയ്പുകാര്‍ സമീപിച്ചപ്പോഴെല്ലാം അക്കാര്യം ഐസിസിയെ ഷാക്കിബ് അറിയിച്ചിട്ടുണ്ടുതാനും. എന്തായാലും ഷാക്കിബിനു സംഭവിച്ച ഈ ഒരു പിഴവുകൊണ്ട് തിരിച്ചടിയേറ്റത് ബംഗ്ലാദേശിനാണ്. ഷാക്കിബ് എന്ന ഒറ്റയാള്‍ പോരാളിയുടെ കരുത്തിലാണ് സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റിലെ പല ശ്രദ്ധേയ വിജയങ്ങളും ബംഗ്ലാദേശ് നേടിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here