ശബരിമല വീണ്ടും: സിപിഎമ്മിനെ വെട്ടിലാക്കി മഞ്ചേശ്വരത്തെ പാർട്ടി സ്ഥാനാർഥി

0
236

തിരുവനന്തപുരം: (www.mediavisionnews.in) ശബരിമലയിൽ ആചാരസംരക്ഷണത്തിന് ഒപ്പമാണെന്നു മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥി പരസ്യമായി പ്രഖ്യാപിച്ചതു യുഡിഎഫും ബിജെപിയും ആയുധമാക്കിയതോടെ ഉപതിരഞ്ഞെടുപ്പിൽ ‘ശബരിമല’ മാറ്റിനിർത്താനുള്ള സിപിഎം നീക്കത്തിനു തിരിച്ചടിയേറ്റു. മഞ്ചേശ്വരം സ്ഥാനാർഥിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. യുവതീപ്രവേശത്തെ എം.ശങ്കർറൈ എതിർത്തിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചപ്പോൾ, ആചാരം പ്രധാനമാണെന്നു സ്ഥാനാർഥി ആവർത്തിച്ചു.

യഥാർഥ വിശ്വാസമുള്ള കമ്യൂണിസ്റ്റാണു താനെന്നും ശബരിമലയിൽ വിധിപ്രകാരം പോയിട്ടുണ്ടെന്നും ആചാരങ്ങൾ മാറ്റിമറിക്കുന്നതിനോടു യോജിപ്പില്ലെന്നുമാണു ശങ്കർറൈ പറഞ്ഞത്. ക്ഷേത്രദർശനം നടത്തി സഹപ്രവർത്തകർക്കു പ്രസാദവിതരണം നടത്തിയ ശേഷമാണു പാർട്ടി കാസർകോട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിർദേശപത്രിക സമർപ്പിച്ചതും.

ശബരിമല അടക്കം രാഷ്ട്രീയ വിഷയങ്ങൾ കഴിയുന്നതും ഒഴിവാക്കിയുള്ള പാലായിലെ തന്ത്രപരമായ പ്രചാരണരീതി അഞ്ചിടത്തും ആവർത്തിക്കാനായിരുന്നു സിപിഎം നീക്കം. ഇതു മനസ്സിലാക്കിയ പ്രതിപക്ഷം ശബരിമല ചർച്ചാവിഷയമാകുമെന്നു മുൻകൂട്ടി പറഞ്ഞുവച്ചു.

ആചാരങ്ങളെക്കാൾ സ്ത്രീപുരുഷ തുല്യതയ്ക്കും അതു ശരിവയ്ക്കുന്ന സുപ്രീം കോടതി വിധിക്കുമാണു പ്രാധാന്യം നൽകേണ്ടത് എന്നാണു സിപിഎം നിലപാട്. വിധി നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച സമീപനം തിരഞ്ഞെടുപ്പിൽ പാർട്ടിക്കാകെ ദോഷം ചെയ്തുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾക്കൊപ്പമെന്നു പാർട്ടി പ്രഖ്യാപിച്ചുവെങ്കിലും നിലപാടു തിരുത്തിയിട്ടില്ല. ശബരിമലയിൽ പിശകൊന്നും സംഭവിച്ചില്ലെന്നതിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

ശങ്കർറൈ പറഞ്ഞതിനെക്കുറിച്ചു മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്താണു പറയാനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. തിരഞ്ഞെടുപ്പു ഫലം നോക്കിയാണോ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി വിധി പറയുന്നത് എന്ന ചോദ്യം കോടിയേരി ആവർത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായി ചർച്ച ചെയ്യപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളുടെ ഭാഗമായ വട്ടിയൂർക്കാവിലും കോന്നിയിലും ഉപതിര‍ഞ്ഞെടുപ്പു നടക്കുന്നതിനാൽ വാക്പോരുകൾ എങ്ങനെ പരിണമിക്കുന്നുവെന്നതു 3 മുന്നണികളും ഉറ്റുനോക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here