വോട്ടര്‍ ഐഡി ഇല്ലെങ്കിലും വോട്ട് ചെയ്യാം; ഈ 11 രേഖകളില്‍ ഒന്നുമതി

0
180

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ രേഖയോ കമ്മിഷൻ നിർദേശിച്ച 11 രേഖകളിൽ ഏതെങ്കിലും ഒന്നോ ഹാജരാക്കണമെന്ന് കളക്ടർ ഡോ. ഡി.സജിത്ത് ബാബു അറിയിച്ചു. താഴെ പറയുന്ന രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.

പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോ പതിച്ച കേന്ദ്ര-സംസ്ഥാന പബ്ലിക് സെക്ടർ അണ്ടർടേക്കിങ്‌/പബ്ലിക് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കിന്റേത് ഒഴികെ), പാൻകാർഡ്, നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ പ്രകാരം ആർ.ജി.ഐ. നൽകിയ സ്മാർട്ട്‌ കാർഡ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട്‌ കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, എം.പി.മാർക്കും എം.എൽ.എ.മാർക്കും നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്.

പോളിങ് ബൂത്ത് പരിസരത്ത് ഇവ പാടില്ല

കാസർകോട്: വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിക്കകത്ത് പോളിങ് ഏജന്റുമാർ ഉൾപ്പെടെയുള്ളവർ മൊബൈൽ ഫോണും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കൊണ്ടുവരാൻ പാടില്ല. ലംഘിച്ചാൽ ബൂത്തിന്റെ ചുതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ ഇത് പിടിച്ചെടുക്കും.

വോട്ടർമാർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച വ്യക്തികൾക്കും മാത്രമേ പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിക്കകത്ത് പ്രവേശനമുള്ളൂ. ഈ പരിധിക്കകത്ത് സ്വകാര്യ വാഹനങ്ങളും കടത്തിവിടില്ല. ഈ പരിധിക്കുള്ളിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും അനുവദിക്കില്ല.

പോളിങ് ബൂത്തിന്റെ 200 മീറ്റർ പരിധിക്കുള്ളിൽ രാഷ്ട്രീയപ്പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാൻ പാടില്ല. 200 മീറ്റർ പരിധിക്കുപുറത്ത് രാഷ്ട്രീയപ്പാർട്ടികൾ ബൂത്തുകൾ സ്ഥാപിക്കുകയാണെങ്കിൽ പൊതുസ്ഥലത്ത് സ്ഥാനാർഥിയുടെയോ പാർട്ടിയുടെയോ ചിഹ്നമോ കൊടിയോ തോരണങ്ങളോ നാട്ടരുത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here