ദുബൈ (www.mediavisionnews.in): അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ഓഷ്യാന രാജ്യമായ പാപ്പുവ ന്യൂ ഗുനിയ. ടി20 യോഗ്യത മത്സരം ജയിച്ചാണ് ഇതാദ്യമായി ഓസ്ട്രേലിയയില്‍ വെച്ചു നടക്കുന്ന ടി20 ലോകകപ്പിന് പാപ്പുവ ന്യൂ ഗുനിയ യോഗ്യത നേടിയത്.
ക്രിക്കറ്റില്‍ ഒരു ഫോര്‍മാറ്റിലും പാപ്പുവ ന്യൂ ഗുനിയ ഇതുവരെ യോഗ്യത നേടിയിട്ടില്ല. ദുബൈയില്‍ വെച്ച് നടന്ന യോഗ്യത പോരാട്ടത്തില്‍ കെനിയയെ തകര്‍ത്താണ് ടി20 ലോകകപ്പിനുളള നിര്‍ണ്ണായക യോഗ്യത പാപ്പുവ ടീം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പാപ്പുവയുടെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. 19 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നോര്‍മാന്‍ വാനുവയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ 118 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയുടെ ഇന്നിംഗ്സ് 73 റണ്‍സില്‍ അവസാനിച്ചു.
ജയം സ്വന്തമാക്കിയെങ്കിലും നെതര്‍ലന്‍ഡ്- സ്‌കോട്ലന്‍ഡ് മത്സര ഫലം അനുസരിച്ചായിരുന്നു ഇവര്‍ക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നുളളു. നിര്‍ണ്ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പിച്ചതോടെ പാപ്പുവ ടീം ലോകകപ്പ് പ്രവേശനം ഉറപ്പാക്കി.
പാപ്പുവയുടെ ലോകകപ്പ് പ്രവേശനം രാജ്യത്തിന് വലിയ സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്. പാപ്പുവയുടെ വരവിനെ ക്രിക്കറ്റ് ലോകവും ആവേശത്തോടെ സ്വാഗതം ചെയ്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക