മൂന്ന് വര്‍ഷം അന്വേഷിച്ചിട്ട് എന്തുകിട്ടി; ബി.ജെ.പിയുടെ കളിപ്പാവയായി നിങ്ങള്‍ മാറരുത്; എന്‍.ഐ.എയ്‌ക്കെതിരെ സാക്കിര്‍ നായിക്

0
247

ക്വാലാലംപൂര്‍ (www.mediavisionnews.in):എന്‍.ഐ.എയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇസ്‌ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്.

തീവ്രവാദ ആരോപണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ തനിക്കെതിരെ ചുമത്തിയ ഒരു കുറ്റവും കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സാക്കിര്‍ നായിക് പറഞ്ഞു.

”തനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള തെളിവുകള്‍ ഇല്ലാതെ തന്നെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന എന്‍.ഐ.എയുടെ നടപടി തെറ്റാണെന്നും അത് അനീതിയാണെന്നും സാക്കിര്‍ നായിക് പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത അന്വേഷണ സമിതി ഇത്തരത്തില്‍ നിലപാടെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. എന്നെ അന്വേഷിച്ച് മൂന്ന് വര്‍ഷത്തിലേറെയായി നടക്കുന്ന ഇവര്‍ക്ക് എനിക്കെതിരെ തെളിവുകളുടെ ഒരു തുണ്ട് പോലും ലഭിച്ചിട്ടില്ല. എന്നിട്ടും എന്നെ തീവ്രവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് ഇവര്‍ പരസ്യമായി പ്രസ്താനകള്‍ നടത്തുന്നു.

തന്റെ ആയിരക്കണക്കിന് വീഡിയോകളും പ്രസംഗങ്ങളും ലേഖനങ്ങളും പരിശോധിച്ചെങ്കിലും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക് അവകാശപ്പെട്ടു.

തന്റെ പ്രസംഗങ്ങളും മറ്റും കേട്ട് 27 പേര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായെന്ന എന്‍.ഐ.എയുടെ ആരോപണവും നായിക് നിഷേധിച്ചു.

‘ഇത് പച്ചക്കള്ളമാണ്. സോഷ്യല്‍ മീഡിയയില്‍ ആരെയെങ്കിലും പിന്തുടര്‍ന്നാല്‍ അവര്‍ തീവ്രവാദികളാകില്ല. എന്‍.ഐ.എയ്ക്ക് ഇതിന്റെ ഒരു തെളിവ് പോലും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ പ്രസംഗങ്ങള്‍ ലോകമെമ്പാടുമുള്ള 200 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ട്. യു.എസ്, യു.കെ, യൂറോപ്പ് തുടങ്ങി 150 രാജ്യങ്ങളില്‍ പീസ് ടിവി വിജയകരമായി പ്രവര്‍ത്തിക്കുന്നു ഇന്ത്യയില്‍ 75 ശതമാനത്തിലധികം മുസ്‌ലിങ്ങള്‍ എന്നെ അറിയുകയും എന്റെ വീഡിയോകള്‍ കൈവശം വയ്ക്കുകയും ചെയ്‌തേക്കാം. എന്റെ ഫേസ്ബുക്ക് പിന്തുടരുന്നത് 17 ദശലക്ഷത്തിലധികമാണ്- സാക്കിര്‍ നായിക് പറഞ്ഞു.

ആയിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകളും യൂട്യൂബ് വീഡിയോകളും തന്റേതായുണ്ട്. അതില്‍ നിന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ ഐ.എസിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും ഒരു പ്രസ്താവനയോ വീഡിയോയോ എന്‍.ഐ.എ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള 127 പേരെ അത്തരം വീഡിയോ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചോ? ഒരിക്കലുമില്ല. അവര്‍ക്ക് അതിന് കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ പ്രസംഗങ്ങള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നുണ്ടെങ്കില്‍.. എനിക്ക് 200 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. എന്നെ വിശ്വസിക്കൂ, അവര്‍ വിരലിലെണ്ണാവുന്നവരായിരിക്കില്ല., അവര്‍ ലക്ഷക്കണക്കിന് പേരുണ്ടാകും. ചിലപ്പോള്‍ ദശലക്ഷക്കണക്കിന് വരും- സാക്കിര്‍ നായിക് പറഞ്ഞു.

എന്‍.ഐ.എ പരസ്യമായി നുണ പറയുകയാണെന്നും ആളുകളെ സ്വാധീനിച്ച് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന ആരോപണം അസത്യമാണെന്നും സാക്കിര്‍ നായിക് അവകാശപ്പെട്ടു.

ഇസ്‌ലാമിനെ കുറിച്ച് ഞാന്‍ പ്രസംഗിച്ച 25 വര്‍ഷത്തിനിടയില്‍, എനിക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകള്‍ ഇസ്ലാമിലേക്ക് തിരികെ വന്നു. എന്‍.ഐ.എ അവരുടെ അന്വേഷണത്തില്‍ അത് കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരും അവരുടെ താത്പര്യവും വിശ്വാസവും കണക്കിലെടുത്താണ് ഇസ്‌ലാമിലെത്തിയത്. ഒരൊറ്റ വ്യക്തിയെയെങ്കിലും നിര്‍ബന്ധിച്ച് ഇസ്‌ലാമില്‍ എത്തിച്ചിരുന്നെങ്കില്‍ എന്‍.ഐ.എ അത് കണ്ടെത്തുമായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തമാക്കാന്‍ എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ മലേഷ്യയിലേക്ക് വരണം.

എന്റെ ക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും എന്‍.ഐ.എ അവരുടെ പ്രതികാര നടപടി അവസാനിപ്പിക്കണം. അതിലും പ്രധാനമായി, ബി.ജെ.പിയുടെ രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ ഇന്ന് കൈകാര്യം ചെയ്യാന്‍ ഗുരുതരമായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതിനൊപ്പം തന്നെ ബി.ജെ.പിയുടെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ ഉപകരണമായി നിങ്ങള്‍ മാറരുത്- സാക്കിര്‍ നായിക് പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here