മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമാകും; കേരളത്തില്‍ മഴ കനക്കും; ജാ​ഗ്രത പാലിക്കണം

0
231

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 90 – 117 കിമീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ കൂടുതല്‍ കരുത്ത് പ്രാപിച്ച്‌ 166 കിമീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതി ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ പറയുന്നു.

ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിലോമീറ്ററും കോഴിക്കോട് തീരത്തു നിന്ന് വടക്ക് പടിഞ്ഞാറ് 340 കിലോമീറ്റര്‍ ദൂരത്തുമായാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. തീര മേഖലയിലും മലയോരത്തും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ തുടര്‍ന്നും പ്രക്ഷുബ്ധമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു. അതിനാല്‍ കടലിലിറങ്ങുന്നതും കടപ്പുറത്ത് സന്ദര്‍ശിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം.

അടച്ചുറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here