പല്‍ഘര്‍ :(www.mediavisionnews.in) : മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ ദഹാനു തഹ്സിലിലെ അംബേസാരി, നാഗസാരി എന്നീ രണ്ട് വലിയ ഗ്രാമങ്ങളിലെ പഞ്ചായത്തംഗങ്ങളുള്‍പ്പടെ 50 യുവ ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളെയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
ശിവസേന വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്നതിന് സിപിഎം അംബസേരിയില്‍ ഒരു വലിയ പൊതുയോഗം സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ സി.പി.എം നേതാക്കളായ അഷോക് ധാവ്ളെ, മറിയം ധാവ്ളെ, സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളെ എന്നിവരും പൊതുയോഗത്തില്‍ സംസാരിച്ചു.
ദഹാനു മണ്ഡലത്തില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, വി.ബി.ഐ എന്നീ പാര്‍ട്ടികളുടെ പിന്തുണയും വിനോദ് നിക്കോളെയ്ക്കാണ്. അതിനാല്‍ ഈ സീറ്റില്‍ വിജയിച്ചു കയറാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. നിലവില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ദഹാനു. നിലവില്‍ എട്ട് മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിത് മത്സരിക്കുന്ന കല്‍വാന്‍ മണ്ഡലമാണ് സി.പി.എം പ്രതീക്ഷ വെച്ചിട്ടുള്ള മറ്റൊരു സീറ്റ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.