മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് ഇവര്‍; യു.ഡി.എഫിന്റെ കണ്ണിലുണ്ണികളായി കുഞ്ഞാലിക്കുട്ടിയും ഉണ്ണിത്താനും

0
191

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും നേതൃപരമായ പ്രചാരണമികവ്. കേരളരാഷ്ട്രീയത്തിലെ കരുത്തരായ ഈ നേതാക്കളുടെ പ്രചാരണരംഗത്തെ സജീവസാന്നിധ്യം ഖമറുദ്ദീന് നല്‍കിയ ആത്മവിശ്വാസം വാനോളമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിനായി പ്രയത്‌നിച്ച മുസ്ലിംലീഗിന് പ്രത്യുപകാരം ചെയ്യാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിച്ച അവസരം അദ്ദേഹം ഭംഗിയായി നിറവേറ്റി. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിംലീഗ് ജില്ലാപ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഏഴായിരത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുകയറാനുള്ള ഒരു പ്രധാന ഘടകം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ണിത്താന്‍ നടത്തിയ ഇടപെടലുകളാണ്.

എല്‍.ഡി.എഫ് കുത്തകയാക്കി വെച്ചിരുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം പിടിച്ചെടുത്ത രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയം കൂടിയായി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ 40,438 വോട്ടിനാണ് ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 11,000ത്തിന് മുകളില്‍ ഭൂരിപക്ഷം ഉണ്ണിത്താന് ലഭിച്ചിരുന്നു. ഉണ്ണിത്താന്റെ വിജയത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എം.സി ഖമറുദ്ദീന്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത് മുന്നില്‍ നിന്നത് ഉണ്ണിത്താനായിരുന്നു. ഇതോടെ എംസി ഖമറുദ്ദീന്റെ വിജയം ഉണ്ണിത്താന്റെ രണ്ടാം വിജയമായി മാറുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഖമറുദ്ദീനൊപ്പം മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ ഉണ്ണിത്താന്റെ പ്രചാരണമികവ് എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും അമ്പരപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം മണ്ഡലത്തില്‍ നിന്നും വിട്ടുനിന്നില്ല. തന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എം.സി ഖമറുദ്ദീനൊപ്പം തന്നെ ഉണ്ണിത്താനും പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചത് മുന്നണിക്ക് എന്തുകൊണ്ടും ഗുണകരമായി. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മഞ്ചേശ്വരത്ത് തന്നെ നിലയുറപ്പിച്ച് പ്രചാരണത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരികയായിരുന്നു. ബി.ജെ.പിയുടെ പ്രചാരണങ്ങളെ തന്ത്രപരമായി പ്രതിരോധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. മറ്റു മണ്ഡലങ്ങളിലെ പ്രചരണത്തിനു വേണ്ടി രണ്ടു ദിവസം മാറിനില്‍ക്കേണ്ടിവന്നെങ്കിലും കുഞ്ഞാലിക്കുട്ടി വീണ്ടുമെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടുവരെ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here