മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മുൻകരുതലായി കുറ്റവാളികളുടെ പട്ടിക കൈമാറി

0
206

മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി അതിർത്തിപങ്കിടുന്ന കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുടെ യോഗം ചേർന്നു. ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ പതിവ് കുറ്റവാളികൾ, ദീർഘകാലമായി തീർപ്പ് കൽപ്പിക്കാത്ത കേസുകളിലെ കുറ്റവാളികൾ, അന്തസ്സംസ്ഥാന കുറ്റവാളികൾ എന്നിവരുടെ വിവരങ്ങൾ ദക്ഷിണ കന്നഡയിൽനിന്നുള്ള പ്രതിനിധികൾക്ക് കൈമാറി.

ഉപതിരഞ്ഞെടുപ്പിൽ ഇത്തരം സാമൂഹികവിരുദ്ധരുടെ ഭീഷണി ഇല്ലാതാക്കാൻ സഹകരിക്കണമെന്ന് കളക്ടർ ഡോ. ഡി.സജിത്ത് ബാബു ദക്ഷിണ കന്നഡ അധികാരികളോട് അഭ്യർഥിച്ചു. ജില്ലാ ഭരണകൂടം അതിർത്തിപ്രദേശങ്ങളിൽ നിയോഗിച്ച സായുധ പോലീസും വീഡിയോഗ്രാഫർമാരടക്കമുള്ള സ്റ്റാറ്റിക് സർവയലൻസ് ടീമുകൾ (എസ്.എസ്.ടി.) സുരക്ഷാസംബന്ധമായ വിവരങ്ങൾ പരസ്പരം കൈമാറും.

അതിർത്തി ഗ്രാമങ്ങളിൽ ഇരുജില്ലകളിൽനിന്നുമുള്ളവരുടെ സംയുക്തപരിശോധനകൾ നടത്തി വ്യാജമദ്യ നിർമാണവും കൈമാറ്റവും തടയും. ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന വാഹനസഞ്ചാര യോഗ്യമായ പത്ത് പാതകളിലും പോലീസ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് വാഹനപരിശോധന നടത്തും.

കളക്ടർ ഡോ. ഡി.സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ സിന്ധു ബി. രൂപേഷ്, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ സുഷമ ഗൊഡ്ബൊലെ, ചെലവ് നിരീക്ഷകൻ കമൽജിത്ത് കെ. കമൽ, മംഗളൂരു എ.സി.പി. കോദണ്ഡരാമൻ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here