മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ഖമറുദ്ദീന് 1.97 കോടിയുടെ സ്വത്ത്, ശങ്കർ റൈക്ക്‌ 40 ലക്ഷം, രവീശതന്ത്രിക്ക് 59 ലക്ഷം

0
222

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ പക്കൽ പണമായി 12,000 രൂപയും ഭാര്യ എൻ.ബി. റംലത്തിന്റെ പക്കൽ 5,000 രൂപയുമാണ് ഉള്ളത്. മകൻ മുഹമ്മദ് മിൻഹാജിന്റെ കൈയിൽ 6,000 രൂപയും പെൺമക്കളായ മറിയംബിയുടെയും മിൻഹത്തിന്റെയും കൈയിൽ 2000 രൂപ വീതവും ഉണ്ട്. റംലത്തിന്റെ പേരിൽ ബെംഗളൂരു എച്ച്.ടി.ആർ. അസോസിയേറ്റ്‌സിൽ 1,09,959 രൂപയുടെ നിക്ഷേപം.

ഖമറുദ്ദീന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ വില 1,97,09,353.8 രൂപയും ഭാര്യയുടെ പേരിൽ 2,80,01,703.64 രൂപയും ഉണ്ട്. 10,10,000 രൂപയുടെ ഭൂമി ഖമറുദ്ദീൻ സ്വന്തമായി വാങ്ങിയിട്ടുണ്ട്. അതിൽ 55,00,000 രൂപയുടെ നിർമാണപ്രവൃത്തിയും നടത്തിയിട്ടുണ്ട്. ഭാര്യ 30,00,000 രൂപയുടെ നിർമാണപ്രവൃത്തിയും നടത്തിയിട്ടുണ്ട്. ഖമറുദ്ദീന്റെ പേരിലുള്ള ആസ്തിയുടെ നിലവിലുള്ള വിപണിവില 1,40,96,000 രൂപയാണ്. ഭാര്യയുടെ പേരിലുള്ളതിന് 2,60,95,571 രൂപയും കണക്കാക്കുന്നു.

ഖമറുദ്ദീന് 2,37,853.86 രൂപയും ഭാര്യയ്ക്ക് 51,173.64 രൂപയും ബാങ്ക് നിക്ഷേപമുണ്ട്. ഏഴ് കമ്പനികളിൽ ഓഹരിയും സ്വർണവുമായി ഖമറുദ്ദീന് 57,03,500 രൂപയുടെ നിക്ഷേപം ഉണ്ട്. റംലത്തിന് 17,40,000 രൂപ വിലവരുന്ന 480 ഗ്രാം സ്വർണാഭരണങ്ങൾ ഉണ്ട്. പെൺമക്കൾക്ക് 5,80,000 രൂപ വീതം വിലവരുന്ന സ്വർണാഭരണങ്ങളും.

ഖമറുദ്ദീന്റെ പേരിൽ കൃഷിഭൂമിയില്ല. എന്നാൽ, ഭാര്യയുടെ പേരിൽ 38 ലക്ഷം രൂപ വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. ഉദിനൂരും അജാനൂരും ബെംഗളൂരുമായി ഖമറുദ്ദീൻ കാർഷികേതര ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. 4,74,000 രൂപയ്ക്ക് വാങ്ങിയ വസ്തുവിന് ഇന്ന് 26,40,000 രൂപയാണ് വിപണിവില കണക്കാക്കുന്നത്. ഉദിനൂരിലും മംഗളൂരുവിലും ബെംഗളൂരുവിലുമായി 89,56,000 രൂപ വിപണിവിലയുള്ള വാണിജ്യ കെട്ടിടങ്ങളും ഖമറുദ്ദീനുണ്ട്. ഭാര്യയുടെ പേരിൽ ഉദിനൂരിലും ബെംഗളൂരുവിലും ഉള്ള വാണിജ്യ കെട്ടിടത്തിന് 1,77,95,571 രൂപയാണ് വിപണിവില കണക്കാക്കുന്നത്. ഉദിനൂരിൽ ഖമറുദ്ദീനും ഭാര്യയും ചേർന്ന് വാങ്ങിയ വീടിന് 25 ലക്ഷം രൂപയാണ് വിപണിവില.

ഖമറുദ്ദീന്റെ പേരിൽ 13,37,264 രൂപയും ഭാര്യയുടെ പേരിൽ 18,11,861 രൂപയുടെയും കടം ഉണ്ട്. മൂന്ന് ലക്ഷം രൂപ വിലയുള്ള ഒരു കാർ മാത്രമാണ് ഖമറുദ്ദീന്റെ പേരിലുള്ള വാഹനം.

തളിപ്പറമ്പ്‌ സർ സയ്യിദ് കോളേജിൽനിന്ന് പ്രീഡിഗ്രി ജയിച്ച് ചരിത്രത്തിൽ ബി.എ.നേടുന്നതിനായി പഠനം തുടർന്നെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ഖമറുദ്ദീന്റെ പേരിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 34 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. സമരങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ് അവയെല്ലാം.

എം.ശങ്കർ റൈ

എൽ.ഡി.എഫ്. സ്ഥാനാർഥി എം.ശങ്കർ റൈക്ക് 40,89,985.65 രൂപ വിലവരുന്ന സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഭാര്യ കാവേരിയുടെ പേരിൽ 2,74,581 രൂപയുടെ ആസ്തിയും ഉണ്ട്. ശങ്കർ റൈയുടെ പേരിൽ രണ്ട് ക്രിമിനൽ കേസാണുള്ളത്. സമരവുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസിലും കുറ്റപത്രം സമർപ്പിച്ചു.

ശങ്കർ റൈയുടെ കൈവശം 20,000 രൂപയും ഭാര്യയുടെ കൈയിൽ 2000 രൂപയുമാണ് പണമായുള്ളത്. ബാങ്ക് നിക്ഷേപമായി 15,98,085.65 രൂപയാണ് ശങ്കർ റൈക്കുള്ളത്. ഭാര്യയുടെ പേരിൽ 2581 രൂപയും ഉണ്ട്. ഓഹരിയായി 8,900 രൂപയുടെ നിക്ഷേപവും റൈക്കുണ്ട്.

9.5 ലക്ഷം രൂപയുടെ കാർ സ്വന്തമായുണ്ട്. അതിന് 3,37,000 രൂപയുടെ വായ്പ നിലവിലുണ്ട്. നാല് ഗ്രാമിന്റെ ഒരു സ്വർണ മോതിരവും അദ്ദേഹത്തിനുണ്ട്. കൃഷിഭൂമി ഇല്ല. അംഗഡിമുഗറിൽ അഞ്ച് ലക്ഷം രൂപ വിപണിവിലവരുന്ന പത്ത് സെന്റ് ഉണ്ട്. അതിൽ പത്ത് ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചിട്ടുണ്ട്.

മുൻ സ്കൂൾ അധ്യാപകനായ റൈക്ക്‌ മാസം പെൻഷനായി ലഭിക്കുന്ന 25,020 രൂപയാണ് വരുമാനം. കുമ്പള ഗവ. ഹൈസ്കുളിൽനിന്ന് പത്താംതരം ജയിച്ച് മടിക്കേരി സരസ്വതി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് അധ്യാപക യോഗ്യത നേടിയത്.

രവീശ തന്ത്രി കുണ്ടാർ

എൻ.ഡി.എ. സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിന് ജംഗമമായി 59,68,859.97 രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യ സുജാത ആർ. തന്ത്രിക്ക് 15,55,844 രൂപയുടെ ആസ്തിയും.

30,000 രൂപയാണ് രവീശയുടെ കൈവശമുള്ളത്. ഭാര്യ സുജാത ആർ. തന്ത്രിയുടെ കൈയിൽ 20,000 രൂപയും ഉണ്ട്. ബാങ്ക് നിക്ഷേപമായി തന്ത്രിയുടെ പേരിൽ 17,127.97 രൂപയും ഭാര്യയുടെ പേരിൽ 44,584 രൂപയും ഉണ്ട്. വിവിധ കമ്പനികളിലായി 900 രപയുടെ ഓഹരിയാണ് അദ്ദേഹത്തിനുള്ളത്. 30 ലക്ഷത്തോളം രൂപയുടെ ഇൻഷുറൻസും ഉണ്ട്. 20.95 ലക്ഷം രൂപ വിലയുള്ള അഞ്ച്് വാഹനങ്ങൾ തന്ത്രിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ ഒരു കാറുണ്ട്.

തന്ത്രിക്ക് 3,35,040 രൂപയുടെ സ്വർണവും ഭാര്യയ്ക്ക് 9,91,160 രൂപയുടെ സ്വർണവും ഉണ്ട്. 12.37 ഏക്കർ കൃഷിഭൂമി തന്ത്രിക്കുണ്ട്. നിലവിൽ അതിന് എട്ട് ലക്ഷം രൂപ വിലവരും. എട്ട് ലക്ഷം രൂപ വിലവരുന്ന രണ്ട് വീടുകൾ തന്ത്രിക്കുണ്ട്. തന്ത്രിക്ക് 21,44,140 രൂപയുടെ കടം നിലവിലുണ്ട്.

ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1983-ൽ പത്താംതരം ജയിച്ചു. അഞ്ച് ക്രമിനൽ കേസുകളാണ് രവീശ തന്ത്രി കുണ്ടാറിനെതിരെയുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here