മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യം ഒരുക്കണം; മംഗൽപ്പാടി ജനകീയവേദി ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി

0
219

ഉപ്പള: (www.mediavisionnews.in) താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തപ്പെട്ട, മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപ്പാടി ജനകീയവേദി പ്രവർത്തകർ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.

ദിനേന 600നും 700നും ഇടയിൽ രോഗികൾ ചികിത്സക്കെത്തുന്ന ഈ ആതുരാലയത്തിൽ ഡോക്ടർമാരുടെ കുറവ് കൊണ്ട് രോഗികളും ഡോക്ടർമാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എഴുന്നൂറോളം രോഗികളെ ശുശ്രൂഷിക്കാൻ മിക്കപ്പോഴും മൂന്നോ നാലോ ഡോക്ടർമാർ മാത്രമാണ് ഉണ്ടാകുന്നത്. ഇത് രോഗികൾക്ക് കഠിനമായ ബുദ്ധിമുട്ടുണ്ടാക്കുന്നു. അനുബന്ധ സ്റ്റാഫുകളും വേണ്ടത്രയില്ല. ചാർജ് എടുക്കുന്ന ഡോക്ടർമാർ തന്നെ അവധിയിൽ പോവുകയോ ഉപരിപഠനത്തിന് പോവുകയോ ചെയ്യുമ്പോൾ രോഗികളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു.

സാങ്കേതിക സൗകര്യമില്ലാത്ത ലാബ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്കാനിങ് സ്കാനിങ് എക്സ്-റേ മെഷീനുകൾ ഇല്ല. കിടത്തിചികിത്സ അനുവദിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം അതും ഫലപ്രദമാകുന്നില്ല. ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുമ്പോൾ, തദ്ദേശീയരായ ആളുകൾക്ക് മുൻഗണന നൽകണം. എല്ലാ വിഭാഗത്തിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം. ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണം. 24 മണിക്കൂറും കിടത്തിച്ചികിത്സ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മംഗൽപാടി ജനകീയവേദി പ്രവർത്തകർ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

എല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി നിവേദക സംഘത്തോട് പറഞ്ഞു.

സിദ്ദിഖ് കൈകമ്പ, ഒ.എം റഷീദ്, റൈഷാദ്, അഷാഫ് മൂസ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here