പട്ടിണിയില്‍ മാത്രമല്ല ഇന്ത്യ മുന്നില്‍; ഇത് നാണക്കേടിന്റെ രണ്ടാം അദ്ധ്യായം

0
227

ഡല്‍ഹി(www.mediavisionnews.in) ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു.

പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ തോല്‍പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ കണക്കുകള്‍.

ഇതിന് പിന്നാലെയാണ് യൂനിസെഫിന്റെ മറ്റൊരു കണക്കും ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതായത്, ഏറ്റവുമധികം കുഞ്ഞുങ്ങള്‍ പോയ വര്‍ഷം മരിച്ചത് ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വയസിന് താഴെ പ്രായം വരുന്ന 8,82,000 കുട്ടികളാണത്രേ 2018ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത്. പോഷകാഹാരക്കുറവ്, വിളര്‍ച്ച- മറ്റ് രോഗങ്ങള്‍ മൂലമെല്ലാം മരണപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കാണിത്.

ലോകത്ത് ഏറ്റവുമധികം പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന രാജ്യമെന്ന് നമ്മള്‍ കണക്കാക്കിപ്പോരുന്ന നൈജീരിയ പോലും ഈ പട്ടികയില്‍ ഇന്ത്യയ്ക്ക് ശേഷമേയുള്ളൂ എന്നത് ശ്രദ്ധേയമാണ്. 8,66,000 ശിശുമരണമാണ് നൈജീരിയയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ 4,09,000 ശിശുമരണവുമായി പാക്കിസ്ഥാനുമെത്തി.

ശരാശരി മരണനിരക്കെടുക്കുമ്പോള്‍ ഇന്ത്യ മുന്നിലെത്തുന്നില്ല. എന്നാല്‍ ജനസംഖ്യ കൂടുതലായതിനാല്‍ അതിനനുസരിച്ച് കുട്ടികളുടെ മരണനിരക്കിലും വ്യത്യാസം വരികയാണ്. ഇതാണ് ഇന്ത്യയെ ഈ പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൂടി, ഇത് രാജ്യത്തിന് അപമാനമാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.

വിദ്യാഭ്യാസത്തിനും വികസനത്തിനും മുന്‍തൂക്കം നല്‍കുന്നുവെന്ന് വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കുന്നില്ലെന്നും അത് എന്തുകൊണ്ടാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥ അപകടകരമായ തലത്തിലേക്ക് നീങ്ങുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തൊഴില്‍മേഖലയും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിപണികളിലെ മാന്ദ്യം പരസ്യമായിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യരംഗത്തെ പോരായ്കകളും കൂടി യൂനിസെഫിന്റെ റിപ്പോര്‍ട്ടോടെ വെളിപ്പെടുകയാണിപ്പോള്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here