ദില്ലി: (www.mediavisionnews.in) ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കു മുന്നിൽ ഇനിയുള്ളത് എട്ട് പ്രവൃത്തി ദിനങ്ങളാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം നിർണ്ണായകമായ ആറ് സുപ്രധാന കേസുകളിൽ അദ്ദേഹം ഇത്രയും ദിവസത്തിനുള്ളിൽ വിധി പ്രസ്താവിക്കും. നവംബർ 17നാണ് ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായകമായ നാളുകളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹം വിടവാങ്ങുന്നത്. സുപ്രീം കോടതിക്ക് ഇപ്പോൾ ദിപാവലി അവധി ആയതിനാൽ ഇനി നവംബർ നാലിനാണ് തുറക്കുക.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കേസ് അയോദ്ധ്യ – ബാബരി മസ്ജിദ് തർക്കഭൂമിയുടെ കേസാണ്. അഞ്ചാംഗ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. റാഫേൽ വിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമുള്ള കേസാണ് അടുത്തത്. ഈ കേസ് തള്ളിക്കൊണ്ട് 2018 ഡിസംബറിൽ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ എന്നിവർ നൽകിയ പുനപരിശോധന ഹർജിയിന്മേലാണ് ഇനി തീർപ്പ് കല്പിക്കേണ്ടത്.
രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി നേതാവ് മീനാക്ഷി ലേഖി നൽകിയ കോർട് അലക്ഷ്യ ഹർജിയാണ് മറ്റൊന്ന്. ശബരിമല കേസിലെ റിവ്യൂ ഹർജിയാണ് മറ്റൊരു പ്രധാന കേസ്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന കേസിലും ഇനി വിധി പറയാനുണ്ട്. ട്രിബുണലുകളുടെ അധികാരത്തെ വലിയ തോതിൽ ബാധിക്കുന്ന 2017ലെ ഫിനാൻസ് ആക്റ്റിനെതിരെ സമർപ്പിച്ച ഹർജിയാണ് വിധി പറയാൻ മാറ്റി വച്ചിരിക്കുന്ന മറ്റൊരു പ്രധാന കേസ്. ഇതിനെല്ലാം പുറമെ, ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ലൈംഗീക അപവാദ കേസിലെ ഗൂഢാലോചന സംബന്ധിച്ച റിപ്പോർട്ടിന്മേലും ഇനി വിധി വരാനുണ്ട്.ഈ കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ് വരിക. പക്ഷെ ഗൊഗോയിയെ സംബന്ധിച്ചിടത്തോളം ഇത് നിർണ്ണായകവുമാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക