ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച്‌ അല്‍ത്താനി ഭരണകൂടം

0
223

ദോഹ (www.mediavisionnews.in):ഖത്തറില്‍ വിവാദമായ തൊഴില്‍ നിയമം എടുത്തുകളയാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കഫാല സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ കാതലായ മാറ്റം വരുമെന്ന് ഉറപ്പായി. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന ഖത്തറിലെ വിവാദ നിയമം ഒഴിവാക്കണമെന്ന് ഏറെകാലാമായുള്ള ആവശ്യമാണ്.

ഇതിനാണ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് കമ്പനികള്‍ മാറുന്നതിന് തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ല എന്നതാണ് വരുന്ന മാറ്റം. ഇതുസംബന്ധിച്ച് നേരത്തെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഭരണകൂടം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ.

ഒഴിവാക്കുന്ന നിയമങ്ങള്‍

ചില തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി വേണമെന്നായിരുന്നു ഖത്തറിലെ നിയമം. മാത്രമല്ല, ചില തൊഴിലാളികള്‍ക്ക് കമ്പനി മാറണമെങ്കിലും തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമായിരുന്നു. ഇവ രണ്ടു എടുത്തുകളയുകയാണ് ഭരണകൂടം. വിദേശികളെ ചേര്‍ത്ത് നിര്‍ത്തിയാണ് ഭരണകൂടത്തിന്റെ ഓരോ നീക്കങ്ങളും.

ലോകകപ്പ് മല്‍സരം തുണയായി

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത് മുതല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഭരണകൂടം നടപ്പാക്കിയിരുന്നു. ലോകകപ്പ് മല്‍സരത്തിന്റെ ഭാഗമായി ഖത്തറില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു പരിഷ്‌കാരങ്ങള്‍.

തൊഴില്‍ മന്ത്രി പറയുന്നത്

കഴിഞ്ഞ വര്‍ഷം ഒട്ടേറെ തൊഴിലാളികള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ എക്‌സിറ്റ് വിസ ഖത്തര്‍ ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. മിനിമം കൂലി നടപ്പാക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ തേടുന്നതിന് ഇനി മുതലാളിയുടെ അനുമതിയും ആവശ്യമില്ല. എക്‌സിറ്റ് പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തുവെന്നും തൊഴില്‍ വകുപ്പ് മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉസ്മാന്‍ ഫഖ്‌റൂ ദോഹയില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

കുറഞ്ഞ കൂലി എത്രയാണ്?

മിനിമം കൂലി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് തൊഴില്‍ മന്ത്രി പറഞ്ഞെങ്കിലും കൂലി എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഭരണകൂടം നേരത്തെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതുപ്രകാരം കുറഞ്ഞ കൂലി 750 റിയാലാണ്.

20 ലക്ഷത്തിലധികം വിദേശികള്‍

20 ലക്ഷത്തിലധികം വിദേശ തൊഴിലാളികളുള്ള രാജ്യമാണ് ഖത്തര്‍. ഇതില്‍ കൂടുതല്‍ പേരും നേരിട്ടോ അല്ലാതെയോ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നടപ്പാക്കുന്ന ഏത് തൊഴില്‍ നിയമങ്ങളും പ്രവാസികളെ സംബന്ധിച്ച് നിര്‍ണായകമാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here