കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി; കോളേജിനെതിരെ പ്രതിഷേധം

0
194

ബെംഗളൂരു (www.mediavisionnews.in): പരീക്ഷക്ക് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്ര മാര്‍ഗവുമായി കര്‍ണാടകയിലെ സ്വകാര്യ കോളേജ്. തലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഇട്ടുകൊണ്ടാണ് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതിപ്പിച്ചത്.

ഹാവേരി ഭഗത് പ്രീ-യൂണിവേഴ്‌സിറ്റി കോളേജാണ് കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തല പെട്ടിക്കുള്ളിലാക്കിയത്. ചിത്രം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് കോളേജിനെതിരെ ഉയര്‍ന്നത്.

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളേജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളോട് മൃഗങ്ങളേടെന്ന പോലെ പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കോപ്പിയടിക്കുന്നത് ഒരു പ്രശ്‌നമാണ്. എന്നാല്‍ കോപ്പിയടി തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതല്ല. ഇത് തീര്‍ത്തും പരിഹാസ്യവും മനുഷത്വ വിരുദ്ധവുമാണ്.’- മന്ത്രി പറഞ്ഞു.

അതേസമയം, കോപ്പിയടി തടയാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് കോളജ് മേധാവി എം.ബി സതീഷ് പറഞ്ഞു. ബിഹാറിലെ കോളേജില്‍ കോപ്പിയടി തടയാന്‍ സമാന മാര്‍ഗം സ്വീകരിച്ചപ്പോള്‍ സമൂഹ്യ മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്തത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ മുന്‍ഭാഗം തുറന്നിരുന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ഇതുവഴി സാധിക്കും. ഇത് ഞങ്ങളുടെ പുതിയ പരീക്ഷണമാണ്. നല്ലതും മോശവുമായ അഭിപ്രായം കുട്ടികളില്‍ നിന്ന് ലഭിച്ചെന്നും’ കോളേജ് മേധാവി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ അനുസരിക്കേണ്ടതില്ലെന്നു വിദ്യാര്‍ഥികളെ അറിയിച്ചതായും പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.


മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here