ഇടത് കോട്ട കീഴടക്കിയ അരൂരിന്റെ റാണി; 59 വര്‍ഷത്തിന് ശേഷം അരൂര്‍ കോണ്‍ഗ്രസ് ‘കൈ’പിടിയില്‍

0
183

അരൂര്‍ (www.mediavisionnews.in)  നീണ്ട 59 വര്‍ഷത്തെ കാത്തിരിപ്പിനിടെ അരൂര്‍ കോണ്‍ഗ്രസ് ‘കൈ’പിടിയില്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസിന് വേണ്ടി മിന്നുന്ന വിജയം സ്വന്തമാക്കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ 2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ 59 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിക്കാത്ത മണ്ഡലമായ അരൂരാണ് ഷാനിമോളിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഇക്കഴിഞ്ഞ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിംഗ് സീറ്റ് കൂടിയാണ് കോണ്‍ഗ്രസിന് വേണ്ടി ഷാനിമോള്‍ പിടിച്ചടക്കിയത്.

എം.എല്‍.എയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38519 വോട്ടുകള്‍ക്കായിരുന്നു എ.എം ആരിഫ് വിജയിച്ചത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംങ് ശതമാനം കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മന്ത്രി ജി. സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലത്തില്‍ ചെറുതായിട്ടെങ്കിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കളത്തിലിറങ്ങുന്നത്. യു.ഡി.എഫ് സഥാനാര്‍ഥിയായി മല്‍സരിച്ച ഷാനിമോള്‍ എ.എം.ആരിഫിനോട് പരാജയപ്പെട്ടെങ്കിലും ഇടത് കോട്ടയില്‍ വലിയ വിള്ളല്‍ വീഴ്ത്തിയായിരുന്നു പത്തി താഴ്ത്തിയത്. അരൂരില്‍ മുന്‍ വര്‍ഷത്തേതിനേക്കാളും വലിയ ഭൂരിപക്ഷമായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ സ്വന്തമാക്കിയിരുന്നത്. ഈ മുന്നേറ്റം അരൂരില്‍ വീണ്ടും ഷാനിമോളെ പരിഗണിക്കാന്‍ സഹായിച്ചു എന്ന് വേണം വിലയിരുത്താന്‍. ഈ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ വലിയ രീതിയില്‍ തുണച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു.

1957 ല്‍ ഒന്നാം കേരള നിയമസഭയിലേക്ക് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച പി.സി.കാര്‍ത്തികേയനായിരുന്നു അരൂരില്‍ നിന്നും അവസാനമായി വിജയക്കൊടി പാറിച്ച കോണ്‍ഗ്രസുക്കാരന്‍. തുടര്‍ന്ന് 1959 ല്‍ നിയമസഭാ പിരിച്ചുവിട്ടെങ്കിലും 1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സദാശിവനെ പരാജയപ്പെടുത്തി വീണ്ടും പി.സി.കാര്‍ത്തികേയന്‍ അരൂരില്‍ വിജയക്കൊടി പാറിച്ചു.

1965 ല്‍ കെ.ആര്‍.ഗൗരിയമ്മ അരൂരില്‍ മല്‍സരിച്ചത് തൊട്ട് കോണ്‍ഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂര്‍. അന്ന് തൊട്ട് ഇന്ന് വരെ കോണ്‍ഗ്രസ് പച്ചതൊടാത്ത മണ്ഡലം ഒടുവില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ തിരിച്ചു പിടിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മനോഹര കാഴ്ച്ചകളിലൊന്ന്. പരമ്പരാഗത ഇടത് കോട്ട തകര്‍ത്ത് തരിപ്പണമാക്കിയ ഷാനിമോള്‍ ഉസ്മാന്‍ അവസാനം വരെ പൊരുതിയാണ് വിജയിച്ചത്. ലീഡ് നില മാറി മറിഞ്ഞ് ഏറ്റവും ഒടുവില്‍ 2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ വിജയം എത്തിപിടിച്ചത്. വോട്ടിംഗ് മെഷീനിലെ തകരാര്‍ കാരണം മൂന്ന് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here