അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി: നവംബര്‍ എട്ടിനകം വിധി പറഞ്ഞേക്കും

0
225

ദില്ലി: (www.mediavisionnews.in) നാല്‍പ്പത് ദിവസം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് വര്‍ഷങ്ങളായി തുടരുന്ന കേസിലെ നടപടികള്‍ ഇന്നു തന്നെ തീരാന്‍ കാരണമായത്.

വിധി പ്രസ്താവത്തിനായി മാറ്റി വച്ച കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന നവംബര്‍ 17-ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാല്‍ അതിനു മുന്‍പുള്ള ഏത് ദിവസത്തിലും അയോധ്യകേസിലെ വിധി പ്രതീക്ഷിക്കാം. അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും എന്നാണ് കോടതി അറിയിച്ചതെന്ന് അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നവംബര്‍ എട്ടിനകം അയോധ്യ കേസില്‍ വിധി പ്രതീക്ഷിക്കാം.

അവസാനനിമിഷം വരെ നാടകീയത നിറഞ്ഞു നിന്ന വാദങ്ങളാണ് അയോധ്യ കേസിൽ സുപ്രീംകോടതിയിൽ നടന്നത്. ഹിന്ദുസംഘടനയായ ഗോപാൽ സിംഗ് വിശാരദിന്‍റെ അഭിഭാഷകൻ രഞ്ജിത് കുമാറാണ് അവസാനദിനത്തില്‍ ആദ്യം സുപ്രീംകോടതി മുന്‍പാകെ വാദം നടത്തിയത്. തുടര്‍ന്ന് ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ അഭിഭാഷകനായ വികാസ് സിംഗും കോടതിയില്‍ വാദിച്ചു.

മുതിർന്ന അഭിഭാഷകനായ വികാസ് സിംഗ് തനിക്ക് ചില രേഖകൾ കോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണത് എന്ന് കോടതി ആരാഞ്ഞു. അയോധ്യ റീവിസിറ്റഡ് (അയോധ്യയെ വീണ്ടും കാണുമ്പോൾ) എന്ന കുനാൽ കിഷോറിന്‍റെ പുസ്തകമാണ് തനിക്ക് ഹാജരാകാനുള്ളതെന്ന് വികാസ് സിംഗ് വിശദീകരിച്ചു.

ഇതോടെ കേസിലെ വഖഫ് ബോര്‍ഡ് അഭിഭാഷകനായ ഇതനുവദിക്കരുത് യുവര്‍ ഓണര്‍ എന്ന് പറഞ്ഞു കൊണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റു. താന്‍ ഹാജരാക്കിയ പുസ്തകത്തില്‍ രാമജന്മഭൂമി എവിടെയെന്ന് അടയാളപ്പെടുത്തിയ പൗരാണികമായ ഒരു ഭൂപടമുണ്ടെന്ന് വികാസ് സിംഗ് ചൂണ്ടിക്കാട്ടി. സമീപകാലത്ത് എഴുതപ്പെട്ട പുസ്തകത്തിൽ എന്ത് ഭൂപടമാണുള്ളതെന്ന ചോദ്യത്തോടെ രാജീവ് ധവാന്‍ ഇതിനെ എതിര്‍ത്തു.

ഇത്തരം ഭൂപടങ്ങളെയൊക്കെ എങ്ങനെ രേഖയായി കണക്കാക്കാനാകുമെന്ന് ചോദിച്ച രാജീവ് ധവാന്‍ ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്നും വാദത്തിനിടെ പൊട്ടിത്തെറിച്ചു കൊണ്ടു പറഞ്ഞു. ഇതോടെ തര്‍ക്കത്തില്‍ ഇടപെട്ട ചീഫ് ജസ്റ്റിസ് എങ്കില്‍ അതു കീറക്കളയാന്‍ രാജീവ് ധവാനോട് പറഞ്ഞു. ഇതു കേട്ടയുടന്‍ കോടതിയ്ക്ക് മുന്നിൽ വച്ച് രേഖകളും പുസ്തകങ്ങളും രാജീവ് ധവാൻ കീറിയെറിയുകയും ചെയ്തു.

‘ഇതെന്താണ്, ഇങ്ങനെയെങ്കിൽ ഞങ്ങൾ ഇവിടെ നിന്ന് എണീറ്റ് പോകുമെന്ന് ധവാന്‍റെ നടപടിയില്‍ അതൃപ്തിയറിയിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധങ്ങളും എതിർപ്പും അറിയിക്കുന്നത് കോടതിയുടെ മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന നിലയ്ക്കല്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു.

തുടർന്ന് വാദം പൂർത്തിയാക്കിയ വികാസ് സിംഗ്, ഹിന്ദുക്കൾക്ക് പൂജിക്കാൻ ഒരു വിഗ്രഹം വേണമെന്നില്ലെന്നും, കൈലാസം പുണ്യഭൂമിയാകുന്നത് ശിവന്‍റെ വാസസ്ഥലം ആയതുകൊണ്ടാണെന്നും വാദിച്ചു. സമാനമായ രീതിയിൽ അയോധ്യയും പുണ്യഭൂമിയാണെന്നും അത് കണക്കാക്കണമെന്നും വികാസ് സിംഗ് ചൂണ്ടിക്കാട്ടി.

നിർമോഹി അഖാരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബാബർ അയോധ്യയിൽ വന്നതായി തെളിവു പോലുമില്ലെന്നും, ബാബറാണ് മസ്ജിദ് പണിഞ്ഞതെന്നതിന് മുസ്ലിം സംഘടനകളുടെ പക്കൽ തെളിവില്ലെന്നും വാദിച്ചു. എന്നും ബാബ്‍റി മസ്ജിദ് ഇരുന്നയിടം ക്ഷേത്രമായിരുന്നു. അത് പൊളിച്ച് ബാബർ പള്ളി പണിഞ്ഞെന്ന വാദം പോലും തെറ്റാണെന്നും ഭൂമി എന്നും ഹിന്ദുക്കളുടേതായിരുന്നുവെന്നുമാണ് അഖാരയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ വാദത്തിനിടെ കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതുവരെ കേട്ടത് മതിയെന്നും ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ എല്ലാവരും വാദം അവസാനിപ്പിക്കണമെന്നുമുള്ള കര്‍ശനനിലപാടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വീകരിച്ചത്. ഇതോടെ കിട്ടിയ സമയം വച്ച് അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. വൈകുന്നേരം നാലേ കാലോടെ കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി.

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് അയോധ്യകേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് സുപ്രീംകോടതിയുടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഭരണഘടനാ ബെഞ്ച് ഈ കേസില്‍ വിധി കേട്ടു.

അയോധ്യയിലെ രാമക്ഷേത്രത്തിനായി 1989 വരെ ആരും അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നും 1992-ല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പള്ളി പുനസ്ഥാപിക്കാന്‍ അനുമതി തരണമെന്നുമായിരുന്നു കേസിലെ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികളുടെ വാദം. എന്നാല്‍ രാമജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടയിടത്ത് നേരത്തെ രാമക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നുമാണ് എതിര്‍കക്ഷിയായ ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും വാദിക്കുന്നത്.

അയോധ്യകേസില്‍ 2010-ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് കേസിലെ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 14-ഓളം ഹര്‍ജികളാണ് അയോധ്യകേസില്‍ സുപ്രീം കോടതിയില്‍ എത്തിയത്. 2.77 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് അടിസ്ഥാനപരമായി കേസ്. കേസ് ആദ്യം പരിഗണിച്ച അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാണ്ഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ചു നല്‍കിയാണ് വിധി പ്രസ്താവിച്ചത്. പതിറ്റാണ്ടു കാലം നീണ്ടു നിന്ന കേസിനിടെ പലവട്ടം അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.

അതേസമയം അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും അയോധ്യക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പള്ളി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും എന്‍ബിഎസ്എ നിര്‍ദേശിക്കുന്നു. വിധിപ്രസ്താവത്തെ തുടര്‍ന്നുള്ള ആഘോഷങ്ങളും സംപ്രേക്ഷണം ചെയ്യരുത്. അയോധ്യ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന ചാനല്‍ ചര്‍ച്ചകളില്‍ തീവ്രപരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും എന്‍ബിസിഎ വ്യക്തമാക്കുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here