ലഖ്‌നൗ: (www.mediavisionnews.in) അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനുജ്കുമാര്‍ ഷായുടേതാണ് ഉത്തരവ്. ഡിസംബര്‍ പത്തുവരെയാണ് നിരോധനാജ്ഞ. അയോധ്യ തര്‍ക്കഭൂമി കേസിലെ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഈ മാസം 17 ന് മുമ്പായി വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് അയോധ്യയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷം ഉണ്ടാകാമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു. വിധി അനുകൂലമായാലും പ്രതികൂലമായാലും ഇരുവിഭാഗങ്ങളും നടത്തുന്ന ശക്തി പ്രകടനങ്ങളും പ്രതിഷേധ മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ്. അട്ടിമറി ശ്രമവും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നില്‍ക്കാണുന്നു. അയോധ്യയിലും പരിസരത്തും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാനും ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
നവംബര്‍ പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്നത്. അതിനു മുന്‍പ് കേസില്‍ വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്റെ ശ്രമം. അതിനാല്‍ ഒരു ദിവസം പോലും കൂടുതല്‍ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.