മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തത് മുസ്‌ലിം ലീഗ് നേതാവിന്റെ ഭാര്യയാണെന്ന ടീക്കാറാം മീണയുടെ പ്രസ്താവന കള്ളമെന്ന്; നിയമ നടപടിക്കൊരുങ്ങി ലീഗ്

0
205

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനിടെ വോര്‍ക്കാടി പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് മുസ്‌ലിം ലീഗ് നേതാവിന്റെ ഭാര്യയാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പച്ചക്കള്ളമാണ് വിളമ്പിയതെന്നു മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു.

വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രവയല്‍ എ.യു.പി സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്തില്‍ അബൂബക്കര്‍ ബാലപ്പുണി ഹൗസ്, കുടുംബലാച്ചില്‍ വോര്‍ക്കാടി എന്ന ഇടതുപക്ഷ അനുഭാവിയുടെ ഭാര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നല്‍കിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. ആരെങ്കിലും ചോദിച്ചാല്‍ ഏണിക്ക് വോട്ട് ചെയ്യാനെന്ന് പറയണമെന്ന നിര്‍ദേശത്തോടെയാണ് സ്ലിപ്പ് നല്‍കിയത്. പ്രസ്തുത ബൂത്തില്‍ അവര്‍ക്ക് വോട്ടില്ലെന്നും ആള്‍മാറാട്ടമാണെന്നും പറഞ്ഞ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോളിങ് ഏജന്റായിരുന്നു.

മുസ്‌ലിം ലീഗ് അനുഭാവിയായ വോര്‍ക്കാടി നടി വയലിലെ അബൂബക്കറിന്റെ ഭാര്യ നബീസയുടെ വോട്ട് ചെയ്യുവാനാണ് ആള്‍മാറാട്ടം നടത്തിയത്. സത്യാവസ്ഥ ഇതായിരിക്കെ ഭരണകക്ഷിയുടെ ഏജന്റായ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അപ്പടി വിഴുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മുസ്‌ലിം ലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തുകയായിരുന്നു. മുസ്‌ലിം ലീഗിനെ മന:പൂര്‍വ്വം പൊതുജന മധ്യേ അവഹേളിക്കുന്നതിനും, ഭരണക്കാരെ തൃപ്തി പ്പെടുത്തുന്നതിനും വേണ്ടിയാണ് വസ്തുതകള്‍ മറച്ചു വച്ച് കൊണ്ട് തെരഞ്ഞെടുപ്പ് ഓഫിസര്‍ നുണപ്രചരണം നടത്തിയത്. ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വസ്തുത അറിയാതെ അസത്യം വിളിച്ചുപറയുന്നത് പദവിക്ക് അപമാനമാണ്. ഇക്കാര്യത്തില്‍ തെറ്റു തിരുത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ട് വന്ന് ജനസമക്ഷം വെളിപ്പെടുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറും തയ്യാറാവണമെന്നും അല്ലാത്തപക്ഷം മുസ്‌ലിം ലീഗ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here