ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

0
205

കണ്ണൂര്‍: (www.mediavisionnews.in) ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കൂടാളിയില്‍ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ഇന്‍ക്വസ്റ്റിനിടെ സുജിത്ത് കൈക്കലാക്കുകയായിരുന്നു. 2018 ഒക്‌ടോബര്‍ 4 നാണ് കൂടാളി പൂവത്തൂരിലെ 20കാരിയെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരുന്നത്. മട്ടന്നൂര്‍ എസ്.ഐ ആയിരുന്ന ശിവന്‍ ചോടോത്തും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്തും ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച സാംസങ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ സുജിത്ത് ബന്ധുക്കളെ ഏല്‍പ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫോണ്‍ തിരിച്ച് കിട്ടാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഇരിട്ടി എ.എസ്.പി ആനന്ദ് കുമാറിന് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ സുജിത്ത് ഫോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിക്കുകയാണുണ്ടായത്. ഇതോടെ സുജിത്താണ് ഫോണ്‍ കവര്‍ന്നതെന്ന് വ്യക്തമാവുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here