മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥി എം.ശങ്കർ റൈക്ക് കൂടുതൽ വോട്ടുകിട്ടിയത് സ്വന്തം ബൂത്തിൽ. പുത്തിഗെ പഞ്ചായത്തിൽപ്പെടുന്ന അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 165-ാം ബൂത്താണിത്. ഇവിടെ ആദ്യവോട്ടറായിരുന്നു ശങ്കർ റൈ. ആകെ 797 പേർ വോട്ടുചെയ്തപ്പോൾ ശങ്കർ റൈക്ക് 561 വോട്ടുകിട്ടി. പോൾചെയ്തതിൽ 70.38 ശതമാനം.
മണ്ഡലത്തിൽ വിജയംനേടിയ മുസ്‌ലിം ലീഗിലെ എം.സി.ഖമറുദ്ദീന് 209 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പി.യിലെ രവീശ തന്ത്രി കുണ്ടാറിന് 23 വോട്ടുമേ നേടാനായുള്ളൂ. ഇടതുമുന്നണി ഭൂരിപക്ഷംനേടിയ ഏക പഞ്ചായത്താണ് പുത്തിഗെ.
അതേസമയം, ബൂത്തടിസ്ഥാനത്തിൽ ഏറ്റവുംകൂടുതൽ വോട്ടുനേടിയത് രവീശ തന്ത്രിയാണ്. മുസ്‌ലിം ലീഗ് കോട്ടയായ മഞ്ചേശ്വരം പഞ്ചായത്തിലെ 9-ാം ബൂത്തിൽ തന്ത്രിക്ക് 739 വോട്ട് കിട്ടി. ആകെ പോൾചെയ്തത് 996 വോട്ടായിരുന്നു. 74.16 ശതമാനംപേർ തന്ത്രിയെ അനുകൂലിച്ചു. ഖമറുദ്ദീന് 170 വോട്ട് കിട്ടിയപ്പോൾ ശങ്കർ റൈക്ക് 81 മാത്രം. ഇതേ പഞ്ചായത്തിലെ 157-ാം ബൂത്തിൽ ബി.ജെ.പി.ക്ക് ഒരുവോട്ടേ കിട്ടിയുള്ളൂ. 905 പേർ വോട്ടുചെയ്ത ഇവിടെ യു.ഡി.എഫിന് 648 വോട്ടും ഇടതുമുന്നണിക്ക് 251 വോട്ടും കിട്ടി. എൻ.ഡി.എ.യെക്കാൾ നാലായിരത്തോളം വോട്ട് യു.ഡി.എഫ്. കൂടുതൽ നേടിയ പഞ്ചായത്താണ് കുമ്പള. ഖമറുദ്ദീൻ കൂടുതൽ വോട്ടുനേടിയത് മംഗൽപ്പാടി പഞ്ചായത്തിൽപ്പെടുന്ന 84-ാം ബൂത്തിലാണ്. 980 പേർ വോട്ടുചെയ്ത ഇവിടെ 716 വോട്ടുനേടി അദ്ദേഹം-73.06 ശതമാനം. തന്ത്രി ഇവിടെ 166 വോട്ടും റൈ 88 വോട്ടും നേടി.
117-ൽ 117 160-ൽ 160
മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പിൽ 117-ാം ബൂത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ നേടിയത് 117 വോട്ട്. 160-ാം ബൂത്തിൽ ഇടതുസ്ഥാനാർഥി എം.ശങ്കർ റൈ നേടിയത് 160 വോട്ട്. പൈവളിഗെ പഞ്ചായത്തിൽവരുന്ന 117-ാം ബൂത്തിൽ 403 വോട്ട് നേടിയ ശങ്കർ റൈ ഒന്നാമതെത്തിയപ്പോൾ 363 വോട്ടുമായി ബി.ജെ.പി.യുടെ രവീശ തന്ത്രി കുണ്ടാർ രണ്ടാമതായി. കുമ്പള പഞ്ചായത്തിലെ 160-ാം ബൂത്തിൽ ഖമറുദ്ദീൻ ബഹുദൂരം മുന്നിലെത്തി-670 വോട്ട്. ഇവിടെ തന്ത്രിക്ക് മൂന്നുവോട്ടേ ഉള്ളൂ.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക