കോഴിക്കോട്: (www.mediavisionnews.in) കോൺഗ്രസിനെ വിമർശിച്ച് ഇകെ സുന്നി മുഖപത്രം. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റർ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുമെന്ന് പറയുന്ന അമിത് ഷായ്ക്കെതിരെ ഒരക്ഷരം പോലും കോൺഗ്രസ് നേതാക്കൾ ഉരിയാടിയാടുന്നില്ലെന്ന് മുഖപത്രത്തിൽ പറയുന്നു. ആർഎസ്എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും സുപ്രഭാതം ദിനപത്രത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു.
ആർഎസ്എസ് ഉയർത്തികൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ കോൺഗ്രസിന്റെ ദുർബലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിനും കോൺഗ്രസ് ആ നയം തുടർന്നു. പൗരത്വ രജിസ്റ്റർ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് തുറന്ന് പറയാൻ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംക്കൊള്ളുന്ന കോൺഗ്രസിന് ആകുന്നില്ല. കോൺഗ്രസിന്റെ ശിരസിൽ ചവിട്ടി നിന്നാണ് ആർഎസ്എസ് ഗാന്ധിജിയെക്കുറിച്ച് പ്രഘോഷിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സമീപക്കാലത്ത് ഇകെ സുന്നി വിഭാഗവും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത പരിഹരിച്ചതാണ്. ഇതിനിടയിലാണ് ദേശീയ പ്രശ്നങ്ങളിൽ കോൺഗ്രസിന് കാര്യമായി ഇടപെടാൻ കഴിയുന്നില്ലെന്ന് വിമർശിച്ച് ഇകെ സുന്നി വിഭാഗം രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ദേശീയ പ്രശ്നങ്ങളിൽ കോൺഗ്രസിന് ഇടപെടാൻ കഴിയുന്നില്ലെന്ന വിമർശനം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. ഫലത്തില് ഇത് ലീഗിനെകൂടി പ്രതിസന്ധിയിലാക്കും. മഞ്ചേശ്വരത്തടക്കം ഇകെ സുന്നികളുടെ വോട്ട് വളരെ നിർണായകമാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ ചടുലമായ നീക്കങ്ങൾ നടത്തുമെന്ന പ്രതീക്ഷയോടുകൂടിയാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറെകൂടി ക്രിയാത്മകമായ പ്രവർത്തിച്ചേ മാതിയാകൂ. ഇന്ത്യൻ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടില്ല. കോൺഗ്രസിന് ഒരു ബദൽ ഇല്ലാത്ത കാലത്തോളം പ്രതീക്ഷ നിർഭരമായ കാത്തിരിപ്പ് തുടരേണ്ടി വരും. ഫാസിസ്റ്റ് ഭരണത്തെ ഇല്ലായ്മ ചെയ്യാൻ കാലം തന്നെ അനിവാര്യമായ സംവിധാനമുണ്ടാക്കുമെന്ന് വിശ്വസിക്കാമെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.