അതിർത്തി കടന്നും പ്രചാരണം; മഞ്ചേശ്വരത്തേക്ക് മറുനാട്ടിൽ നിന്നെത്തുക 5000 വോട്ടുകൾ

0
219

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്തെ അയ്യായിരത്തിലേറെ വോട്ടർമാർ മുംബൈ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിൽ. സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്ന പ്രധാന വോട്ട് ബാങ്കായായതിനാൽ പ്രചാരണത്തിരക്കിലും സ്ഥാനാർഥികൾ വോട്ട് തേടി മറുനാട്ടിൽ പറന്നെത്തുന്നത് പതിവാണ്.

യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളാണ് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വോട്ട് തേടി പറക്കുന്നത്. മുംബൈ, കൊച്ചി, തിരുവനന്തപുരം, ഗോവ, കർണാടകയിലെ ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജോലിയുള്ള മണ്ഡലത്തിലെ ആയിരകണക്കിനു വോട്ടർമാരാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇവരിൽ അധികമാരും എത്താറില്ലെങ്കിലും കടുത്ത മത്സരമായതിനാൽ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പ്രത്യേക വാഹനങ്ങളിലായി നാട്ടിലെത്തും. ഉപ്പള സ്വദേശികളായ 13 പേരുടെ വൻകിട ഹോട്ടലുകളാണ് മുംബൈയിലുള്ളത്. ഇതിൽ ജോലിക്കാരിൽ ഏറെയും മണ്ഡലത്തിലെ വോട്ടരാണ്.

ഇതിനു പുറമേ മറ്റു ജോലി ചെയ്യുന്ന നൂറുകണക്കിനാളുകൾ വേറെയുണ്ട്. മഞ്ചേശ്വത്തെ വിവിധ സംഘടനകൾ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇവരാണ് വോട്ടർമാരെ സ്ഥാനാർഥിക്കു കാണാനുള്ള സൗകര്യം ചെയ്യുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാർ ഏറെയുള്ളത് ബെംഗളൂരുവിലാണ്. വൻകിട ബിസിനസിനു പുറമേ ഹോട്ടൽ, തെരുവോരകച്ചവടം, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ജോലി ചെയ്യുന്നവരുമാണിവർ.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന കൺവൻഷനിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പങ്കെടുത്ത് വോട്ട് ചെയ്യാനായി നാട്ടിലെത്തണമെന്ന് അഭ്യർഥിച്ചിരുന്നു. നാട്ടിലെത്തുന്നതിനായി വിവിധ വാഹനങ്ങൾക്കു ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ് വോട്ടർമാർ. തിരുവനന്തപുരം പാളയത്തെ സഹോദരങ്ങളുടെ മൂന്നു ഹോട്ടലുകളിൽ ജീവനക്കാരിൽ 120 പേരും മഞ്ചേശ്വരത്ത് വോട്ടുള്ളവരാണ്.

കഴിഞ്ഞ ദിവസം യോഗത്തിൽ മണ്ഡലത്തിലെ മൂന്നൂറോളം പേർ പങ്കെടുത്തിരുന്നു. ഇതിൽ ഏറെ പേരും വോട്ട് ചെയ്യാൻ എത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം .വോട്ടർമാരുമായി മുംബൈയിൽ നിന്നു 7 ബസുകൾ മഞ്ചേശ്വരത്ത് എത്തിയ ചരിത്രവും ഇവിടെയുണ്ട്. ഇങ്ങനെ എത്തുന്നവരുടെ ചെലവുകൾ വഹിക്കുന്നത് ചില സംഘടനകളാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here