ശാസ്ത്രി പുറത്തേയ്ക്ക്, വീണ്ടും പരിശീലകനെ തിരഞ്ഞെടുത്തേയ്ക്കും

0
191

ന്യൂഡല്‍ഹി:  (www.mediavisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രിയുടെ സ്ഥാനം തെറിക്കാന്‍ സാദ്ധ്യത. ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്ത കപില്‍ കപില്‍ ദേവ് അദ്ധ്യക്ഷനായുള്ള ക്രിക്കറ്റ് ഭരണസമിതിക്ക് (സിഎസി) ഭിന്നതാത്പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡി.കെ. ജെയ്ന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

2021 വരെ ഇന്ത്യന്‍ പരിശീലകനായി ശാസ്ത്രിയെ കഴിഞ്ഞ മാസമാണ് ക്രിക്കറ്റ് ഭരണസമിതി വീണ്ടും നിയമിച്ചത്. ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ഭരണസമിതി ലംഘിച്ചിട്ടുണ്ട് എന്നു തെളിഞ്ഞാല്‍, ശാസ്ത്രിയുടെ നിയമനം ഉള്‍പ്പെടെ അസാധുവാകും. അങ്ങനെയെങ്കില്‍, പുതിയ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ പരിശീലകനായി നിയമിക്കേണ്ടി വരും

ക്രിക്കറ്റ് ഭരണസമിതിക്കു മാത്രമേ ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കാനാകൂ എന്നു ബിസിസിഐ ഭരണഘടനയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ വനിതാ ടീം കോച്ച് ഡബ്ലിയു.വി. രാമന്റെ സ്ഥാനവും തെറിച്ചേക്കും.

ഭാരവാഹികള്‍ക്ക് ഒരു സമയം ഒരു സ്ഥാനം മാത്രമേ വഹിക്കാനാകൂ എന്ന ബിസിസിഐ ഭരണഘടനാ വ്യവസ്ഥ നിലനില്‍ക്കെ, ഭരണസമിതിയിലെ മൂന്ന് അംഗങ്ങള്‍ക്കും ഭിന്നതാത്പര്യമുണ്ട് എന്നു മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയിലാണ് എത്തിക്‌സ് ഓഫീസറുടെ നോട്ടീസ്.

നോട്ടീസ് കൈപ്പറ്റിയതിനു പിന്നാലെ മുന്‍ ഇന്ത്യന്‍ വനിത ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ഭരണസമിതി അംഗത്വം രാജിവെച്ചു. സ്വകാര്യ ആവശ്യങ്ങളെ തുടര്‍ന്നാണു രാജിയെന്നും ഭിന്നതാത്പര്യത്തെ കുറിച്ചു മനസ്സിലായില്ല എന്നും രാജിക്കു പിന്നാലെ ശാന്ത രംഗസ്വാമി പറഞ്ഞു. കപില്‍ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍.

കമ്മിറ്റിയിലെ മൂന്ന് പേരും ബിസിസിഐ ഇതര സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നാണു വാദം. അടുത്ത 10-ന് മുമ്പ് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here