മഞ്ചേശ്വരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രചരണ മേല്‍നോട്ടം ആര്‍എസ്‌എസ് ഏറ്റെടുക്കുന്നു. കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാരേയും മന്ത്രിമാരേയും എംപി മാരേയും ഇറക്കിയുള്ള പ്രചരണമാണ് ആര്‍എസ്‌എസ് ആസൂത്രണം ചെയ്യുന്നത്. ഓരോ പഞ്ചായത്തിലും കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എ മാരെ ഇറക്കി പ്രചരണം നടത്താനാണ് ആലോചന. വീഴ്ചകളില്‍ നേരിട്ട് ഇടപെടാനാണ് ആര്‍എസ്‌എസ് ആലോചന.
എംഎല്‍എ മാരോട് വ്യാഴാഴ്ച മണ്ഡലത്തില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ചുമതല നല്‍കും. കോട്ട ശ്രീനിവാസ പൂജാരി അടക്കമുള്ള കര്‍ണാടക മന്ത്രിമാര്‍ പ്രചരണത്തിനായി മഞ്ചേശ്വരത്ത് എത്തും. വിവാദം അവസാനിപ്പിച്ച് പ്രചരണവുമായി മുമ്പോട്ട് പോകാനാണ് ആര്‍എസ്‌എസ് നീക്കം. ഇന്നലെ രാത്രി തന്നെ ആര്‍എസ്‌എസ് ഉന്നത നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ പ്രചരണം ഏറ്റെടുക്കാനും അതില്‍ മുന്‍കൈയെടുക്കാനുമായിരുന്നു തീരുമാനം.
ബിജെപി കഴിഞ്ഞ തവണ വെറും 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇന്നലെ രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മണ്ഡലത്തില്‍ വലിയ വിവാദമായി. സ്ഥാനാര്‍ഥിയായി രവീശതന്ത്രിയെ നിയോഗിച്ചതില്‍ കുപിതരായി മഞ്ചേശ്വരം, കുമ്ബള പഞ്ചായത്ത് കമ്മിറ്റികളാണു രംഗത്തെത്തിയത്. ഹൊസങ്കടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്‍. ഗണേഷ് സ്ഥാനാര്‍ഥിത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തി. വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഗണേഷിനെ തടഞ്ഞുവച്ചു.
കോണ്‍ഗ്രസ് വിമത നേതാവ് സുബ്ബയ്യ െറെയെ ആദ്യം സമീപിച്ചെങ്കിലും നീക്കം പാളിയതോടെയാണ് രവീശ തന്ത്രിയില്‍ സ്ഥാനാര്‍ത്ഥിത്വം എത്തിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തോ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരിയോ വരുമെന്നായിരുന്നു സൂചന. എന്നാല്‍ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ടാറിനെയായിരുന്നു. അതേസമയം കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്നും വിജയപ്രതീക്ഷ അസ്തമിച്ചെന്നും ഒരുവിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞതവണ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഈ വോട്ടുകളുടെ എണ്ണം കൂട്ടി ജയമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പാര്‍ട്ടി സ്ഥാനാര്‍ഥിനിര്‍ണയത്തിനു തയാറെടുത്തത്. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.