ട്രാഫിക് നിയമ ലംഘനം; ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ, ഓട്ടോ വാങ്ങിയത് 25000 രൂപയ്‌ക്കെന്ന് ഡ്രൈവര്‍

0
218

ഒഡീഷ (www.mediavisionnews.in): ഒഡീഷയില്‍ ട്രാഫിക് നിയമ ലംഘനം ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ. ഒഡീഷയിലെ ആചാര്യ വിഹാര്‍ ചാക്കിലെ ഓട്ടോഡ്രൈവര്‍ ഹരിബന്ധു കന്‍ഹാറിനാണ് ട്രാഫിക് പൊലീസ് ഭീമന്‍ തുക പിഴ ചുമത്തിയത്.

പുതിയ ട്രാഫിക് നിയമപ്രകാരം വിവിധ വകുപ്പുകള്‍ പ്രകാരമാണ് ട്രാഫിക് പൊലീസ് ഭീമന്‍ തുക ചുമത്തിയത്. സാധുവായ പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ വാഹനരേഖകള്‍ ഓട്ടോ ഡ്രൈവര്‍ കൈയില്‍ കരുതിയിരുന്നില്ലെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചായിരുന്നു വാഹനമോടിച്ചതെന്നും പൊലീസ് ആരോപിക്കുന്നു.

പൊതു നിയമ ലംഘനത്തിന് 500 രൂപയാണ് പിഴ ചുമത്തിയത്. അസാധുവായ ഡ്രൈവിംഗ് ലൈസന്‍സിന് 5000 രൂപ, പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് 10,000 രൂപ, മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപ, വായു, ശബ്ദ മലിനീകരണ നിയമ ലംഘനത്തിന് 10,000 രൂപ, യോഗ്യതയില്ലാത്ത വ്യക്തിയെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 5,000 രൂപ, രജിസ്‌ട്രേഷനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതിന് 5000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 2,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.

ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. തന്റെ വാഹനം പിടിച്ചെടുക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ ചെയ്താലും തനിക്ക് ഈ തുക നല്‍കാന്‍ കഴിയില്ല. തന്റെ സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോയ്ക്ക് 25000 രൂപ മാത്രമാണ് വിലയെന്നും ഇയാള്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here