ഡൽഹി: (www.mediavisionnews.in) കാസര്‍ഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നു.
പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മര്‍വാന്‍, ഇളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, പാലക്കാട് സ്വദേശികളായ ഷിബി, ബെസ്റ്റിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് എട്ട് പേരും കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണം വരുന്നത്. കൂടുതല്‍ നടപടികള്‍ക്കായി അഫ്ഗാന്‍ സര്‍ക്കാരുമായി എന്‍ഐഎ ബന്ധപ്പെട്ടിട്ടുണ്ട്.
കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് 23 അംഗ സംഘം ഐഎസില്‍ ചേരാനായി ഇന്ത്യ വിടുന്നത്. പിന്നീട് പലപ്പോഴായി പലരും കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇവയൊന്നും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നില്ല. മരിച്ചവരുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യല്‍ രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഇന്ത്യയില്‍ ചുമത്തിയിട്ടുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.