‘അപ്പോള്‍ തബ്രിസ് അന്‍സാരിയെ കൊന്നില്ലേ..?’; ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്

0
251

ജാർഖണ്ഡ്: (www.mediavisionnews.in) ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്രിസ് അന്‍സാരിയെന്ന യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്താതെ പൊലീസ് കുറ്റപത്രം. കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കേസെടുത്തവര്‍ക്കെതിരെ കൊലപാതകക്കുറ്റം ഒഴിവാക്കിത് എന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 17 നാണ് മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട ശേഷം ഒരു സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്രിസ് അന്‍സാരിയെ പൈശാചികമായി അടിച്ചു തല്ലിക്കൊന്നത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ തബ്രിസ് ജൂണ്‍ 22നാണ് മരണപ്പെട്ടത്. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 147 (കലാപമുണ്ടാക്കല്‍), 149 (നിയമവിധേയമല്ലാതെ സംഘം ചേരല്‍), 341 (തെറ്റായ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തല്‍), 342 (തെറ്റായ രീതിയില്‍ തടങ്കലില്‍ വയ്ക്കല്‍), 304 (മനപൂര്‍വ്വമല്ലാത്ത നരഹത്യ) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രകാശ് മണ്ഡല്‍ എന്ന പപ്പു മണ്ഡല്‍, കമല്‍ മഹാതോ, സുനാമോ പ്രധാന്‍, പ്രേംന്ദ് മഹാലി, സുമന്ത് മഹാതോ, മദന്‍ നായക്, ചാമു നായക്, മഹേഷ് മഹാളി, കുശാല്‍ മഹാളി, സത്യനാരായണന്‍ നായക്, ഭീം സേന മണ്ഡല് എന്നിവരാണ് കേസിലെ പ്രതികള്‍.

പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍ നാരായന്‍ പറയുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരില്‍ നിന്ന് വിദഗ്‌ധോപദേശം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ നടപടിയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും തലയില്‍ വലിയ മുറിവുണ്ടായിരുന്നതായും അടികൊണ്ട് തല പൊട്ടിയിരുന്നതായും തബ്രിസിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അല്‍താഫ് ഹുസൈന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here