89 ല്‍ നിന്ന് 11113 ലേക്ക് ഉയര്‍ന്ന ലീഡ്; മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ, പോരാടാന്‍ ഇടതും ബിജെപിയും

0
216

മ​ഞ്ചേ​ശ്വ​രം (www.mediavisionnews.in) : എംഎല്‍എയായിരുന്നു പിബി അബ്ദുല്‍റസാഖിന്‍റെ മരണത്തിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മഞ്ചേശ്വരത്ത് വീണ്ടും ഉപതിരിഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. യുഡിഎഫ് വിജയത്തിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു ബിജെപിയിലെ കെ സുരേന്ദ്രന്‍ കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചത് കാരണമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയത്.

പ്രഖ്യാപനം വൈകിയെങ്കിലും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മുന്നണികളും നേരത്തെ തന്നെ തുടങ്ങിയിരുന്നു. 2016 ല്‍ പിബി അബ്ദുള്‍റസാഖ് 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്.

മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ച്ചവെച്ച 2016 ലെ നിയമസഭാ പോരാട്ടത്തില്‍ 56,870 വോ​ട്ടാ​യിരുന്നു വിജയം കരസ്ഥമാക്കിയ പിബി അബ്ദുള്‍റസാഖിന് ലഭിച്ചത്. 56781 വോട്ടുകളുമായി കെ സുരേന്ദ്രന്‍ തൊട്ടുപിറകില്‍ രണ്ടാമത് എത്തിയപ്പോള്‍ സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പുവിന് 42565 വോട്ടുകളായിരുന്നു ലഭിച്ചത്.

81 മുതല്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്ന ബിജെപിക്ക് 89 വോട്ടിന്‍റെ പരാജയം മണ്ഡലത്തിലെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കാന്‍ കഴിയാതെ പോയത് ശ്രദ്ധേയമാണ്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്ന​പ്പോ​ൾ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ 11,113 വോ​ട്ടി​​ന്‍റെ ലീഡായിരുന്നു മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് നേടിയത്.

ഇ​ത്​ യു​ഡിഎ​ഫി​ന്​ അ​നു​കൂ​ല​മാ​യു​ണ്ടാ​യ പ്ര​ത്യേ​ക ത​രം​ഗം​കൊ​ണ്ടാ​ണെ​ന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാറിനും ജില്ലാ പ്രസിഡന്‍റ് അഡ്വ കെ ശ്രീകാന്തിനുമാണ് സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കളംമാറിയെത്തിയ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇതിനോട് ബിജെപിക്കുള്ളില്‍ ശക്തമായ എതിര്‍പ്പാണ് ഉള്ളത്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. മണ്ഡലത്തില്‍ നിന്ന് 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. 57,000 വോട്ടുകളുമായി മണ്ഡ‍ലത്തില്‍ രണ്ടാംസ്ഥാനം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. വോട്ടുകളിലെ ഈ അന്തരം ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

യുവാക്കളെ മത്സരത്തിനിറക്കാനാണ് ലീഗ് ക്യാംപില്‍ നിന്നുള്ള ആലോചന. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംസി ഖമറുദ്ദീനും യൂത്ത് ലീഗ് നേതാവ് എകെഎം അഷറഫുമാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്. ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി മുനീര്‍ ഹാജി മൊഗ്രാലിന്‍റെ പേരും പരിഗണനയിലുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങില്‍ തങ്ങള്‍ മത്സരിക്കുന്ന ഏക സീറ്റ് എന്ന നിലയില്‍ മഞ്ചേശ്വരത്തെ വിജയം ലീഗിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവിനാണ് ശ്രമം നടത്തുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാതെ ബ്രഞ്ച്തലം മുതലുള്ള പ്രചാരണ പരിപാടികള്‍ നേരത്തെ തന്നെ സിപിഎം തുടക്കം കുറിച്ചിരുന്നു. 2006 ല്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട്തവണയും സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ ഇതിനൊരു മാറ്റം ഉണ്ടാവുമെന്ന് തന്നെയാണ് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഇത്തവണ കുഞ്ഞമ്പുവിന് തന്നെയാണ് സിപിഎം ചര്‍ച്ചകളില്‍ മുന്‍തൂക്കം. കുഞ്ഞമ്പുവില്ലെങ്കില്‍ കെ ആര്‍ ജയാനന്ദനെ പോലുള്ള പ്രാദേശികനേതാക്കളെയും സിപിഎം പരിഗണിച്ചേക്കും. ലീഗ് എതിര്‍സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ പാലാരിവട്ടം പാലം അഴിമതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ശ്രദ്ധയൂന്നി പ്രചരണം നയിക്കാനാണ് ഇടതുമുന്നണിയുടെ പദ്ധതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here