‘ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചാലല്ലേ പിഴയുള്ളൂ, ഉന്തിക്കൊണ്ടുപോവാല്ലോ’; വൈറലായി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച വീഡിയോ

0
192

ഹരിയാന (www.mediavisionnews.in) :  മോട്ടോര്‍ വാഹന നിയമം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്.

ഇപ്പോഴിതാ ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കജ് നൈന്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. ‘ഇത് അത്യന്തം രസകരമാണ്. പിഴ ഒഴിവാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ദയവായി ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്നു പറഞ്ഞാണ് ഓഫീസര്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ നടന്നുപോയാല്‍ കുറ്റകരമാണോ എന്ന കാപ്ഷനും ഐ.പി.എസ് ഉദ്യേഗസ്ഥന്‍ വീഡിയോക്ക് നല്‍കിയിട്ടുണ്ട്.

റോഡില്‍ ചെക്കിംഗ് നടക്കുമ്പോള്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചവര്‍ വണ്ടി നിര്‍ത്തി ഉരുട്ടിക്കൊണ്ടു പോകുന്നത് വീഡിയോയില്‍ കാണാം. പൊലീസുകാരുടെ മുന്നിലൂടെയാണ് ബൈക്ക് ഉരുട്ടിക്കൊണ്ടു പോകുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് പിഴയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 1000, മദ്യപിച്ച് വാഹനമോടിച്ചാല്‍ 1000 എന്നിങ്ങനെയാണ് പിഴ.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഉമടയ്ക്ക് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് 25ാം വയസിലേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂവെന്നും പുതിയ നിയമത്തില്‍ പറയുന്നു.

സിഗ്‌നല്‍, വണ്‍വേ ലംഘനം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്കുള്ള പിഴ 1000 രൂപയില്‍ നിന്നും 5000 രൂപയാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാത്രമല്ല, ഡ്രൈവിങ്ങിനിടെ കയ്യില്‍ പിടിക്കുന്നതും നിയമലംഘനമാകും.

അതേസമയം, ഭുവനേശ്വറില്‍ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍ 47500 രൂപയാണ് നിയമലംഘനത്തിന് നല്‍കിയ പിഴ. രണ്ടാഴ്ച മുന്‍പ് 26000 രൂപക്കാണ് ഇദ്ദേഹം വാഹനം വാങ്ങിയത്.

മദ്യപിച്ച് വാഹനമോടിച്ചു, മലിനീകരണ ചട്ടങ്ങള്‍ പാലിച്ചില്ല, പെര്‍മിറ്റില്ലാതെയും ലൈസന്‍സില്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 47500 രൂപയാണ് ഒഡീഷയിലെ ഹരി ബന്ധു കന്‍ഹാര്‍ എന്നയാള്‍ പിഴയൊടുക്കിയത്.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കെ നിയമ ലംഘനം നടത്തിയ ന്യൂദല്‍ഹി സ്വദേശി ദീപക് മദന്‍ എന്നയാള്‍ 23000 രൂപയാണ് പിഴയൊടുക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here