വത്സന്‍ തില്ലങ്കേരിക്കായി ആര്‍.എസ്.എസ്,​ സുരേന്ദ്രനായി സമ്മര്‍ദ്ദം ചെലുത്തി ദേശീയ നേതൃത്വം: മഞ്ചേശ്വരത്തെ നീക്കങ്ങള്‍ ഇങ്ങനെ

0
192

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതല്‍ ശ്രദ്ധേയനായ കണ്ണൂരിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് ആര്‍.എസ്.എസ് നിര്‍ദേശിച്ചതായി സൂചന. ആര്‍.എസ്.എസ് നീക്കം ഫലിച്ചാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവും. ഇന്ന് രാവിലെ കുമ്പളയില്‍ ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ യോഗം ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്നും അറിയുന്നു.

പ്രാദേശിക ഘടകത്തിന്റെ വികാരം ഉള്‍ക്കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണോ അതല്ല പുറത്തുനിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണോ എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിൽക്കുന്നത്. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയ പട്ടികയില്‍ മൂന്ന് പേരുകളാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം പ്രസിഡണ്ട് സതീഷ് ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനും സംഘപരിവാര്‍ മണ്ഡലം പ്രഭാരിയുമായ രവീശ തന്ത്രിക്ക് തന്നെയാണ് ലിസ്റ്റില്‍ മുന്‍‌തൂക്കം. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായ ശേഷം പിന്‍വാങ്ങേണ്ടിവന്ന നേതാവാണ് സതീഷ് ഭണ്ഡാരി. മണ്ഡലത്തില്‍ അയ്യായിരത്തോളം നിഷ്‌പക്ഷ വോട്ടുകള്‍ അധികം പിടിച്ചാല്‍ മാത്രമേ ജയിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതിന് മണ്ഡലത്തിലുള്ളവര്‍ തന്നെ മത്സരിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് മുന്നില്‍വച്ച നിര്‍ദ്ദേശം. മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കെ. സുരേന്ദ്രനെ വീണ്ടും മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുമെന്നും സൂചനയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here