ന്യൂദല്‍ഹി (www.mediavisionnews.in) : കാറുകളുടെ വില്‍പ്പന കുത്തനെ കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ നിര്‍മ്മാണശാലകള്‍ അടച്ചിടാനൊരുങ്ങുന്നു. മനോസറിലെയും ഗുഡ്‍ഗാവിലെയും പ്ലാന്റുകൾ സെപ്റ്റംബർ 7, 9 എന്നീ ദിവസങ്ങളില്‍ അടച്ചിടാനാണ് മാരുതിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ദിവസങ്ങളിൽ പ്ലാന്‍റില്‍ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്.
മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഓഗസ്റ്റിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 106413 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 158189 യൂണിറ്റായിരുന്നു. കഴിഞ്ഞ രണ്ടുമാസവും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്.
മാരുതിയുടെ ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്‍റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്‍തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ്.
പുതിയ വാഗണ്‍ ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ കോംപാക്ട് പതിപ്പുകളെല്ലാം കൂടി 54274 യൂനിറ്റുകള്‍ വിറ്റു. 2018 ഓഗസ്റ്റില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു. 23.9 ശതമാനം ഇടിവ്. പ്രതിസന്ധികളെ തുടര്‍ന്ന് നേരത്തെ ഹ്യൂണ്ടായിയും ടൊയോട്ടയും പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.