ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ ഉടൻ പിഴ; ഒരുമാസത്തെ സാവകാശം ഇനിയില്ല

0
228

തിരുവനന്തപുരം: (www.mediavisionnews.in) ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള ഒരുമാസത്തെ സാവകാശം കേന്ദ്രമോട്ടോര്‍വാഹനവകുപ്പ് എടുത്തുകളഞ്ഞു. കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയില്ലെങ്കില്‍ തൊട്ടടുത്തദിവസം മുതല്‍ ഇനി പിഴയൊടുക്കേണ്ടിവരും. ഒരുവര്‍ഷത്തിനുള്ളില്‍ പുതുക്കാത്തവര്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസായാലേ ലൈസന്‍സ് കിട്ടു. കഴിഞ്ഞദിവസം നിലവില്‍ വന്ന മോട്ടോര്‍ വാഹനഭേദഗതി നിയമത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍.

കാലാവധി തീര്‍ന്നാലും നിലവിലുള്ള ലൈസന്‍സ് ഉപയോഗിച്ച് ഒരുമാസം വരെ വാഹനം ഒാടിക്കാമായിരുന്നു. എന്നാല്‍ ഈ പരിരക്ഷ ഇനിയില്ല. കാലാവധി തീരുന്നതിന്റ തൊട്ടടുത്തദിവസം മുതല്‍ നിങ്ങള്‍ ലൈസന്‍സില്ലാത്തവരായിത്തീരും. അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം കൈയില്‍ നിന്ന് കൊടുക്കണം. ഇതൊഴിവാക്കാന്‍ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലൈസന്‍സ് പുതുക്കുക. ഒരുവര്‍ഷം മുമ്പുമുതല്‍ പുതുക്കാനുള്ള സാവകാശമുണ്ട്. നേരത്തെ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ മതിയായിരുന്നു

ലൈസന്‍സിന്റ കാലാവധിയിലും മാറ്റമുണ്ട്. മുപ്പത് വയസിന് മുമ്പ് ലൈസന്‍സെടുത്താല്‍ നാല്‍പത് വയസുവരെയാണ് കാലാവധി. മുപ്പതിനും അന്‍പതിനും ഇടയ്ക്ക് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് പത്തുവര്‍ഷം. അന്‍പതിനും അന്‍പത്തിയഞ്ചിനും ഇടയിലാണ് ലൈസന്‍സ് എടുക്കുന്നതെങ്കില്‍ അറുപത് വയസുവരെയും അതിന് മുകളിലേക്കുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമായിരിക്കും ലൈസന്‍സ്. നേരത്തെ അന്‍പത് വയസോ ഇരുപത് വര്‍ഷമോ ഇതിലേതാണോ ആദ്യമാകുന്നത് അത് കണക്കാക്കിയാണ് കാലാവധി നിശ്ചയിച്ചിരുന്നത്. വാഹനങ്ങളുടെ പെര്‍മിറ്റിന്റ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. പെര്‍മിറ്റ് തീര്‍ന്ന് തൊട്ടടുത്തദിവസം പുതുക്കിയില്ലെങ്കില്‍ പോലും പതിനായിരം രൂപ പിഴയൊടുക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here