മോദിസര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 100 ദിവസം; നിക്ഷേപത്തില്‍ വന്ന കുറവ് 12.5 ലക്ഷം കോടി രൂപ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു

0
270

ന്യൂദല്‍ഹി (www.mediavisionnews.in) : രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.

മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് 1,41,15,316.39 കോടി രൂപയാണ് രാജ്യത്തു നിക്ഷേപമായുള്ളത്.

സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍ പോകുന്നത് വിദേശ ഫണ്ട് കുറയാനും കോര്‍പറേറ്റ് ലാഭം ദുര്‍ബലമാകാനും കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കനുസരിച്ച് 28,260.50 കോടി രൂപയുടെ ഓഹരിയാണ് മോദിസര്‍ക്കാരിന്റെ വരവിനു ശേഷം വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

രാജ്യത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നു തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയാണിത്. ഈ റിപ്പോര്‍ട്ടുകളെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നാണ്.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ജി.എസ്.ടി വരുമാനത്തെയാണ് ബാധിക്കുക.

വ്യവസായ മേഖലയെ പ്രതിസന്ധി ആഴത്തില്‍ ബാധിച്ചതാണ് വരുമാനം കുറയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 6.4% വളര്‍ച്ച മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളു.

ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജി.എസ്.ടി വഴി ഒരു ലക്ഷം കോടി രൂപ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. തുടര്‍ന്നുള്ള മാസങ്ങളില്‍ അതിന് സാധിച്ചിട്ടില്ല. ഓരോ മാസവും കുറഞ്ഞ് വരികയാണ്. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്ന് കണക്കുകൂട്ടുന്നത്.

അതേ സമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here