മോദിയെ ‘ഇന്ത്യയുടെ പിതാവെന്ന്’ വിളിച്ച ട്രംപ് ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിച്ചു; അസദുദ്ദീന്‍ ഒവൈസി

0
206

ദില്ലി (www.mediavisionnews.in) : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ട്രംപിന്‍റെ പ്രസ്താവന ഇന്ത്യന്‍ ചരിത്രത്തെ അപമാനിക്കലാണ്. നരേന്ദ്രമോദിക്ക് ഒരിക്കലും ഇന്ത്യയുടെ പിതാവാകാനാകില്ല, കാരണം ഒരിക്കലും മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ലെന്ന് ഒവൈസി വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ പട്ടേലിനെയും പോലുള്ള മഹാന്മാര്‍ക്ക് പോലും ഇതുവരെ ആരും ആ പദവി നല്‍കിയിട്ടില്ല. മോദിയെ ഇന്ത്യുടെ പിതാവെന്ന് വിളിച്ചത് ട്രംപിന്‍റെ ജ്ഞാനത്തിന് വിട്ടിരിക്കുകയാണ്. പക്ഷെ എനിക്കത് അംഗീകരിക്കാനാകില്ല. ട്രംപ് പറഞ്ഞതില്‍ പ്രധാനമന്ത്രി തന്നെ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

അമേരിക്കന്‍ സംഗീതജ്ഞന്‍ എല്‍വിസ് പ്രെസ്‌ലിയെയും മോദിയെയും താരതമ്യം ചെയ്തതിനെയും ഒവൈസി പരിഹസിച്ചു. ആ താരതമ്യപ്പെടുത്തലില്‍ ഒരു ബന്ധമുണ്ട്. പ്രെസ് ലി തന്റെ പാട്ടുകളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മോദി അത് ചെയ്യുന്നത് തന്റെ പ്രസംഗത്തിലൂടെയാണ്. പക്ഷെ എനിക്ക് മോദിയേയും പ്രെസ്‌ലിയെയും താരതമ്യം ചെയ്യാനാകില്ലെന്നും അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നിലപാടുകളിലെ കാപട്യത്തെയും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു. ട്രംപ് ഡബിള്‍ ഗെയിമാണ് കളിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഒരേ സമയം നരേന്ദ്ര മോദിയെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും പ്രശംസിച്ചു. അത് നാം മനസിലാക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here