മായാവതിക്ക് തിരിച്ചടി; രാജസ്ഥാനിലെ മുഴുവന്‍ ബി.എസ്.പി. എം എല്‍ എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
274

ജയ്പുര്‍: (www.mediavisionnews.in) രാജസ്ഥാനില്‍ മായാവതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമസഭയിലെ മുഴുവന്‍ ബി എസ് പി അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറ് എം എല്‍ എമാരാണ് നിയമസഭയില്‍ ബി എസ് പിക്കുണ്ടായിരുന്നത്. 

രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണാ, സന്ദീപ് യാദവ്, വജീബ് അലി, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനു മുന്നോടിയായി ആറ് എം എല്‍ എമാരും നിയമസഭാ സ്പീക്കര്‍ സി പി ജോഷിയുമായി കൂടിക്കാഴ്ച നടത്തുകയും കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ചുകൊണ്ടുള്ള കത്ത് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കിവരികയായിരുന്നു ബി എസ് പി. 

വര്‍ഗീയശക്തികള്‍ക്കെതിരെ പോരാടാനും സംസ്ഥാനത്തിന്റെ വികസനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരതയ്ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് രാജേന്ദ്ര ഗുഡ്ഡ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പ്രതികരിച്ചു. അശോക് ഗെഹ്‌ലോത് മികച്ച  മുഖ്യമന്ത്രിയാണെന്നും രാജസ്ഥാനു വേണ്ടി അദ്ദേഹത്തെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും ഉദയപുര്‍വാടി എം എല്‍ എ കൂടിയായ ഗുഡ്ഡ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞവര്‍ഷമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നൂറു സീറ്റുകളില്‍ വിജയിച്ചു. ബി എസ് പിയുടെ ആറ് എം എല്‍ എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എം എല്‍ എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഈ പന്ത്രണ്ടുപേര്‍  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here