മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ എന്ന് സൂചന; പാണക്കാട് പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്ക് നീക്കം

0
249

മലപ്പുറം/കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ മുസ്ലീം ലീഗ് ഇന്ന് പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച വൈകീട്ടോടെയാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍, എ.കെ.എം.അഷ്‌റഫ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ഇതില്‍ എം.സി.ഖമറുദ്ദീനെ തന്നെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ, കഴിഞ്ഞദിവസം പാണക്കാട് തറവാടിന് മുന്നില്‍ പ്രതിഷേധിച്ച മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയില്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബുധനാഴ്ച യൂത്ത് ലീഗ് നേതാക്കള്‍ പാണക്കാട് യോഗം ചേര്‍ന്നിരുന്നു.പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായും കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗിന്റെ ആവശ്യങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പ്രാദേശികമായി പല അഭിപ്രായങ്ങളുണ്ടാകുമെന്നും അതെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. 

ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പാണക്കാട് തറവാടിന് മുന്നില്‍ പ്രതിഷേധിച്ച മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. മജീദ് പച്ചംപള്ള അടക്കമുള്ള പ്രാദേശിക നേതാക്കള്‍ക്കെതിരെ യൂത്ത് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. 

കഴിഞ്ഞദിവസം പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നില്ല. കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.പി.ഖമറുദ്ദീന്‍, യൂത്ത് ലീഗ് നേതാവ് എ.കെ.എം.അഷ്‌റഫ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വവും യൂത്ത് ലീഗും എ.കെ.എം.അഷ്‌റഫിന് വേണ്ടി വാദിച്ചതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും പാണക്കാട് തറവാടിന് മുന്നില്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here