മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: താഴെത്തട്ടിൽ പ്രവർത്തനം കേന്ദ്രീകരിച്ച് പാർട്ടികൾ

0
215

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയം സംസ്ഥാന നേതാക്കളെ ഏൽപ്പിച്ച് മറ്റ് ജോലികൾ ചെയ്തുതീർക്കുന്ന തിരക്കിലാണ് ജില്ലയിലെ പാർട്ടി നേതാക്കളും പ്രവർത്തകരും. എല്ലാവരും മഞ്ചേശ്വരത്തേക്ക് തമ്പടിക്കുന്നു.

ചുവർ ബുക്കുചെയ്യാനും ബൂത്തുതലത്തിൽ വോട്ട് കണക്കാക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സി.പി.എം. 140 പേരെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു തുടങ്ങിയവർ അവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതിൽ സി.എച്ച്.കുഞ്ഞമ്പുവിനെ സ്ഥാനാർഥിയായും പരിഗണിക്കുന്നു.

യു.ഡി.എഫ്. ഓരോ പഞ്ചായത്തിലും ഓരോ എം.എൽ.എ.യ്ക്ക് ചുമതല കൊടുക്കാനുദ്ദേശിക്കുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ക്കും സണ്ണി ജോസഫ് എം.എൽ.എ.യ്ക്കുമാണ് കോൺഗ്രസ് ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്.ഹംസ, അബ്ദുൾ റഹ്‌മാൻ കല്ലായി എന്നിവർക്കാണ്‌ മുസ്‌ലിം ലീഗിന്റെ ചുമതല. സംസ്ഥാനത്ത് അഞ്ചുമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുണ്ടെങ്കിലും ലീഗ് മത്സരിക്കുന്നത് ഇവിടെ മാത്രമായതുകൊണ്ട് അവരുടെ കൂടുതൽ നേതാക്കളെ ഇവിടേക്ക് പ്രതീക്ഷിക്കുന്നു.

ബി.ജെ.പി.യുടെ ചുമതല പി.കെ.കൃഷ്ണദാസിനാണ്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ രണ്ടുതവണ യോഗം ചേർന്നുകഴിഞ്ഞു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഒരുയോഗംകൂടി ചേർന്നേക്കും. ദേശീയതലത്തിൽ ബൂത്തുകമ്മിറ്റി രൂപവത്‌കരണ പ്രവർത്തനം നടത്തിവരികയാണ് ബി.ജെ.പി. സെപ്‌റ്റംബർ 30-നകം അത് പൂർത്തിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് നിർത്തിവെക്കുമോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് സംസ്ഥാന നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ഇതരമണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജയിക്കാനായി ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലമാണിത്. അതിന്റെ മുന്നൊരുക്കങ്ങൾ അവരുടെ പ്രവർത്തനത്തിൽ കാണാം.

പത്രികാസമർപ്പണം തിങ്കളാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥിനിർണയം രണ്ടോ മൂന്നോ ദിവസത്തിനകം പ്രതീക്ഷിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here