മംഗളൂരു-ബെംഗളൂരു ദേശീയ പാത തകർന്നു; പ്രതിഷേധം ശക്തം

0
201

മംഗളൂരു: (www.mediavisionnews.in) മഴയിൽ തകർന്ന് ഗതാഗതം അസാധ്യമായ മംഗളൂരു-ബംഗളൂരു ദേശീയപാത നന്നാക്കാത്തതിൽ ജനരോഷം ശക്തം. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ദേശീയപാതയിൽ ബി.സി. റോഡ് മുതൽ മാണി വരെയുള്ള ഭാഗം പൂർണമായും തകർന്നു. പലയിടങ്ങളിലും രൂപപ്പെട്ട വലിയ കുഴികളിൽവീണ് അപകടങ്ങൾ സംഭവിക്കുന്നതും വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി മാറിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊട്ടിപ്പൊളിഞ്ഞ മംഗളൂരു ബംഗളൂരു ദേശീയപാത നന്നാക്കാത്തതിനെ തുടർന്ന് ബണ്ട്വാളിൽ റോഡിലെ കുഴിയിൽ സമരക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദക്ഷിണകന്നട എം.പി. നളീൻകുമാർ കട്ടീലിന്റെയും പടങ്ങൾ പതിച്ച വാഴ നട്ടാണ് പ്രതിഷേധിച്ചത്.

വർഷങ്ങൾ നീണ്ട പമ്പുവെൽ, തെക്കോട്ട് മേൽപ്പാലങ്ങളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മൂന്നാംതവണയും എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട നളിൻകുമാറിനെതിരേ നേരത്തേ തന്നെ കടുത്ത പ്രതിഷേധമുണ്ട്. ഇതിൽ ദേശീയപാതയിലെ പമ്പുവെൽ മേൽപ്പാലത്തിന്റെ പണി ഇനിയും പൂർത്തിയായട്ടില്ല. ഇവിടെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.

മുൻമന്ത്രി ബി.രമാനാഥ്‌ റായിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധസൂചകമായി പദയാത്ര സംഘടിപ്പിച്ചു. മെൽക്കാർ ജങ്ഷനിൽനിന്ന് ബി.സി. റോഡ് വരെയായിരുന്നു പദയാത്ര. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ സർക്കാർ കണ്ണടയ്ക്കുകയാണെന്ന് രമാനാഥ് റായ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here