കാസര്‍കോട് (www.mediavisionnews.in) :ജില്ലയില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിശ്ചയിക്കാത്ത വില്ലേജുകള്‍ ഉണ്ടെന്ന ആരോപണം ഉയരുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ നിരവധി വില്ലേജുകളില്‍ കെട്ടിടത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളില്‍ ഭൂമിയുടെ വിലയും നിശ്ചയിച്ചിട്ടില്ലത്രെ. ഇത് രണ്ടും നടത്തിയാലേ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുകയുള്ളൂ.
ഇവ പൂര്‍ത്തീകരിച്ച വില്ലേജുകളിലെ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കുഡ്‌ലു, പുത്തൂര്‍ വില്ലേജിലെ ആളുകളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ കുഡ്‌ലു വില്ലേജിലെ ഉടമകള്‍ക്ക് ഭാഗികമായി നഷ്ടപരിഹാരം നല്‍കി. പണം കിട്ടിയവര്‍ കെട്ടിടം ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്. പുത്തൂര്‍ വില്ലേജിലെ കൃഷിഭവന്‍ ജംഗ്ഷന്‍ മുതല്‍ കുന്നില്‍ വരെ വില നിശ്ചയിച്ചിട്ടില്ല.
കെട്ടിടങ്ങളുടെ വില നിശ്ചയിക്കാനുമുണ്ട്. ഭൂമിയുടെ വില നിശ്ചയിക്കേണ്ടത് ദേശീയ പാത എല്‍.എ വിഭാഗത്തിലെ ആര്‍. ഐമാരാണ്. ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതി യോഗത്തിലും ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇത് വരെ ജില്ലയില്‍ 25ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്.
അടുക്കത്ത് ബയല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരം നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത് കൂടുതലാണെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം പറയുന്നത്. നിലവിലുള്ള മാനദണ്ഡപ്രകാരമാണ് വില നിശ്ചയിച്ചതെന്നും തുക നല്‍കണമെന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്.
ഇക്കാര്യം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ 17ന് കലക്‌ട്രേറ്റില്‍ യോഗം ചേരും. നേരത്തെ 22 ഹെക്ടറിലെ 1663 ഭൂവുടമകള്‍ക്കായി 365.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 292.24 കോടി രൂപ ഉടമകള്‍ക്ക് കൈമാറി. 20.86 കോടി രൂപ മതിയായ രേഖകള്‍ നല്‍കുന്നതിനനുസരിച്ച് കൈമാറും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.