ബെംഗളൂരു: (www.mediavisionnews.in) കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിന് തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. പി.ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
സാഹചര്യത്തെ നിയമപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. നേതാക്കളെ ഓരോരുത്തരെയായി കുടുക്കി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസിലേക്ക് നടപടി എത്തുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.
കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവുമാറിനെ ചോദ്യം ചെയ്തുവരികയായിരുന്നു. അതേസമയം, ഡി.കെ. ശിവകുമാറിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നെന്ന് സഹോദരന്‍ ഡി കെ സുരേഷ് ആരോപിച്ചിരുന്നു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ കഴിയുന്ന ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ അനുവദിക്കുന്നില്ലെന്നാണ് സഹോദരന്റെ ആരോപണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.